

കൊളംബോ: ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചത് ഭാഗ്യം കൊണ്ടല്ലെന്നു സിംബാബ്‌വെ വീണ്ടും തെളിയിച്ചു. ഗ്രൂപ്പ് ബിയില്‍ നിന്നു സൂപ്പര്‍ 8 പോലും എത്തില്ലെന്നു ആരാധകര്‍ കരുതിയ സിംബാബ്‌വെ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി സൂപ്പര്‍ എട്ടിലേക്ക് കടന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സടിച്ചു. സിംബാബ്‌വെ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ 182 അടിച്ചാണ് മറ്റൊരു അട്ടിമറി വിജയം കൂടി സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. സൂപ്പർ എട്ടിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയാണ് സിംബാബ്‍വെ കളിക്കുന്നത്. ഈ വമ്പൻമാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് അവരുടെ തുടരെയുള്ള അട്ടിമറികൾ.
നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് സിംബാബ്‌വെ 7 പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് കടന്നു. അയര്‍ലന്‍ഡുമായുള്ള മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ അവര്‍ക്ക് നാലില്‍ നാല് ജയമില്ല എന്നു മാത്രം.
179 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെക്കായി ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് അര്‍ധ സെഞ്ച്വറി നേടി. ബ്രിയാന്‍ ബെന്നറ്റ് 48 പന്തില്‍ 8 ഫോറുകള്‍ സഹിതം 63 റണ്‍സെടുത്തു പുറത്താകാതെ നിന്നു സിംബാബ്‌വെയെ മറ്റൊരു അട്ടിമറി ജയത്തിലേക്ക് നയിച്ചു.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 26 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 45 റണ്‍സുമായി മടങ്ങി. തദിവാന്‍സ് മറുമാനി (34), റിയാന്‍ ബുല്‍ (23) എന്നിവരും സിംബാബ്‌വെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
നേരത്തെ, കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ പതും നിസ്സങ്ക ഇത്തവണ അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 62 റണ്‍സെടുത്തു. പവന്‍ രത്‌നായകെയാണ് തിളങ്ങിയ മറ്റൊരു ലങ്കന്‍ ബാറ്റര്‍. താരം 25 പന്തില്‍ 44 റണ്‍സ് കണ്ടെത്തി. 3 ഫോറും 2 സിക്‌സും രത്‌നായകെ പറത്തി. കുശാല്‍ പെരേര (22)യാണ് തിളങ്ങിയ മറ്റൊരു താരം.
സിംബാബ്‌വെക്കായി ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. റിയാന്‍ ബുല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates