

ദുബൈ: ഇന്ത്യാ വിരുദ്ധ നിലപാടുകളുമായി വിവാദം സൃഷ്ടിക്കാറുള്ള മുൻ പാക് ക്യാപ്റ്റൻ ഷാഹീദ് അഫ്രീദി വീണ്ടും പ്രകോപനപരമായ വാക്കുകളുമായി കളത്തിൽ. ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെയാണ് അഫ്രീദി രംഗത്തെത്തിയത്. പഹൽഗാം ഭീകരാക്രമണ ശേഷം നടക്കുന്ന ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടമെന്ന സവിശേഷതയും ഏഷ്യാ കപ്പ് മത്സരത്തിനുണ്ട്.
അതിനിടെയാണ് ലെജൻഡ്സ് ക്രിക്കറ്റിൽ നിന്നുള്ള ഇന്ത്യയുടെ പിൻമാറ്റത്തെ സൂചിപ്പിച്ചുള്ള മുൻ പാക് നായകന്റെ പ്രകോപനപരമായ വാക്കുകൾ. മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനേയും അഫ്രീദി കൂട്ടത്തിൽ വിമർശിക്കുന്നുണ്ട്. ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി അധിക്ഷേപവുമായി എത്തിയത്.
'എന്തു സംഭവിച്ചാലും ക്രിക്കറ്റ് നടക്കണമെന്നാണ് ഞാൻ മുൻപും പറഞ്ഞിട്ടുള്ളത്. ഇരു രാജ്യങ്ങളുടേയും ബന്ധം മെച്ചപ്പെടുത്തുന്നതിനു അത് സഹായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ലെജൻഡ്സ് ക്രിക്കറ്റ് മത്സരം കാണാൻ ആളുകൾ ടിക്കറ്റെടുത്തിരുന്നു. കളിക്കാൻ പരിശീലനവും നടത്തി. എന്നാൽ പിന്നീട് അവർ കളിച്ചില്ല. എന്താണ് അവരുടെ വിചാരം എന്നു എനിക്കു മനസിലാകുന്നില്ല.'
'ഞാൻ ചീഞ്ഞ മുട്ട എന്നു വിശേഷിപ്പിച്ച ഇന്ത്യൻ താരത്തോട് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ (യുവരാജ് സിങ്) പറഞ്ഞത്, നിങ്ങൾക്കു കളിക്കാൻ താത്പര്യമില്ലെങ്കിൽ കളിക്കണ്ട. എന്നാൽ ട്വീറ്റ് ചെയ്യരുത് എന്നാണ്. അയാൾ വന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അതാണ് അദ്ദേഹം ഒരു ചീഞ്ഞ മുട്ടയായത്. ഇത്തരം ചീഞ്ഞ മുട്ടകൾ എല്ലാം നശിപ്പിക്കും.'
ധവാനെക്കുറിച്ച് അഫ്രീദി പറഞ്ഞ വാക്കുകളാണിത്. മറ്റൊരു താരത്തെക്കുറിച്ചും സമാന അഭിമുഖത്തിൽ അഫ്രീദി അധിക്ഷേപിക്കുന്നുണ്ട്.
'ചില കളിക്കാൻ എപ്പോഴും ഇന്ത്യക്കാരാണെന്നു തെളിയിക്കാനുള്ള ശ്രമം നടത്തുകയാണ്. അവർ ഏഷ്യാ കപ്പിൽ കമന്ററി പറയാനുമുണ്ട്'- അഫ്രീദി പറഞ്ഞു.
ലെജൻഡ്സ് ക്രിക്കറ്റിൽ ഇന്ത്യ- പാകിസ്ഥാൻ സെമി പോരാട്ടമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ താത്പര്യമില്ലെന്നു അറിയിച്ച് ആദ്യം രംഗത്തു വന്നത് ശിഖർ ധവാനാണ്. ഇതിനു പിന്നാലെയാണ് അഫ്രീദി ചീഞ്ഞ മുട്ടയെന്നു ധവാനെ ആക്ഷേപിച്ചത്. രാജ്യമാണു വലുതൊന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നായിരുന്നു ധവാന്റെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates