

ഹൈദരാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് നാലാം ടി20 മത്സരത്തിലെ പിച്ചിനെച്ചൊല്ലിയുള്ള വിമര്ശനങ്ങള്ക്ക് മറുപടിയുമായി മുന് ഇന്ത്യന് നായകന് സുനില് ഗാവസ്കര്. ഹൈദരാബാദില് ഇന്ത്യ തോല്വി വഴങ്ങിയതിന് കാരണം പിച്ചല്ലെന്നും, ഇന്ത്യന് ബൗളര്മാരുടെ മോശം ലെങ്തും അമിതമായ ഫുള്ടോസുകളുമാണെന്ന് ഗാവസ്കര് തുറന്നടിച്ചു. പ്ലാനുകള് നടപ്പിലാക്കുന്നതില് പരാജയപ്പെടുമ്പോള് പിച്ചിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'തിലക് വര്മയും നിതീഷ് കുമാര് റെഡ്ഡിയും ചേര്ന്നുള്ള കൂട്ടുകെട്ട് തകര്ക്കാന് ശ്രമിക്കവെ വെസ്റ്റ് ഇന്ഡീസ് ബൗളര്മാരും ധാരാളം പിഴവുകള് വരുത്തിയിരുന്നു. അവരും ഒരുപാട് ഫുള്ടോസുകള് എറിഞ്ഞു. പിച്ചുകള് ബൗളര്മാരെ തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് നമ്മള് പലപ്പോഴും പിച്ചിനെ കുറ്റപ്പെടുത്താറുണ്ട്. എന്നാല് നിങ്ങള് ഫുള്ടോസ് എറിഞ്ഞാല് അതില് പിച്ചിന് യാതൊരു പങ്കുമില്ല. പിന്നീട് അവര് ശരിയായ ലെങ്തില് പന്തെറിയാനും യോര്ക്കറുകള് കണ്ടെത്താനും തുടങ്ങിയപ്പോഴാണ് മത്സരത്തിന്റെ ഗതി മാറിയത്. ബാറ്റര്മാര്ക്ക് റണ്സ് നേടാന് അവസരമൊരുക്കുന്ന ഫുള്ടോസുകള് എറിയുന്നതിന് പകരം ബൗളര്മാര് കൃത്യതയോടെ പന്തെറിയേണ്ടതുണ്ട്' -ഗാവസ്കര് പറഞ്ഞു.
ഇന്ത്യന് നിരയില് പ്രിന്സ് യാദവ് മാത്രമാണ് ബൗളിങ്ങില് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാലോവറില് 36 റണ്സാണ് താരം വഴങ്ങിയത്. പ്രധാന പേസര്മാരായ മായങ്ക് യാദവും അര്ഷ്ദീപ് സിങ്ങും നാലോവറില് 52 റണ്സ് വീതമാണ് വിട്ടുകൊടുത്തത്. അക്സര് പട്ടേല് നാലോവറില് 45 റണ്സും നിതീഷ് കുമാര് റെഡ്ഡി മൂന്നോവറില് 39 റണ്സും വഴങ്ങി. നമന് ധിറിന്റെ ഒറ്റ ഓവറില് 19 റണ്സാണ് പിറന്നത്. എതിരാളികളെ വലിയ സ്കോറില് നിന്ന് തടയാന് ആവശ്യമായ സ്ഥിരതയോ വിക്കറ്റ് വീഴ്ത്താനുള്ള ശേഷിയോ ഇന്ത്യന് ബൗളിങ് നിരയ്ക്ക് ഇല്ലാതെപോയി.
മത്സരശേഷം ഇന്ത്യന് നായകന് ശ്രേയസ് അയ്യരും ബൗളിങ് പ്രകടനത്തിലെ പോരായ്മകള് സമ്മതിച്ചു. 'എല്ലാം തുടങ്ങിയത് ബൗളിങ്ങില് നിന്നാണ്. ലൈനും ലെങ്തും ശരിയായ രീതിയില് കണ്ടെത്താനായിയില്ല. എതിരാളികള് 250 റണ്സ് ലക്ഷ്യമാക്കി ഇറങ്ങുമ്പോള് പ്രത്യേക തന്ത്രത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്. പന്തുകൊണ്ട് ഞങ്ങളുടെ പ്ലാനുകള് കൃത്യമായി നടപ്പിലാക്കാന് സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്,' ശ്രേയസ് അയ്യര് വ്യക്തമാക്കി. എന്നാല് ബൗളര്മാരെ പിന്തുണയ്ക്കുന്ന സമീപനമാണ് സഞ്ജു സാംസണ് സ്വീകരിച്ചത്. യുവ ബൗഴര്മാരെ പിന്തുണയ്ക്കണമെന്നും തിലക് വര്മയുടെ വിക്കറ്റ് വീണതാണ് മത്സരം കൈവിടാന് കാരണമെന്നും സഞ്ജു പറഞ്ഞു.
നാലാം ടി20യില് 24 റണ്സിന്റെ തോല്വിയാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തില് വിന്ഡീസ് ബാറ്റിങ് നിര 3 വിക്കറ്റ് നഷ്ടത്തില് 247 റണ്സെന്ന കൂറ്റന് സ്കോറാണ് പടുത്തുയര്ത്തിയത്. ഷായ് ഹോപ്പിന്റെ സെഞ്ച്വും ഇന്ത്യന് ബൗളര്മാരുടെ പിഴവുകളും കളിയില് നിര്ണായകമായി. അഞ്ച് മത്സരങ്ങളുള്ള പരമ്പര നിലവില് 2-2 എന്ന നിലയിലാണ്. ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തില് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates