

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോറ്റെങ്കിലും പട്ടികയില്‍ തലപ്പത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ക്വാളിഫയര്‍ വണ്‍ ഉറപ്പിച്ചു. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു മുന്നേറിയത്. മത്സരത്തില്‍ കുറഞ്ഞത് 90 റണ്‍സ് ജയം നേടിയാല്‍ മാത്രമേ ഹൈദരാബാദിന് ക്വാളിഫയര്‍ 1 ന് യോഗ്യത നേടാനാകുമായിരുന്നുള്ളൂ. മത്സരത്തില്‍ 55 റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചത്.
ഹൈദരാബാദ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗളൂരുവിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ക്വാളിഫളര്‍ വണ്ണില്‍ ബംഗളൂരുവും ഗുജറാത്തും തമ്മിലാണ് മത്സരം. ആര്‍സിബിക്കായി തുടക്കത്തില്‍ തന്നെ വെങ്കടേഷ് അയ്യര്‍ അടിച്ചുതകര്‍ത്ത് ബാറ്റ് വീശിയെങ്കിലും ഇത് മുതലാക്കാന്‍ മറ്റു താരങ്ങള്‍ക്ക് സാധിച്ചില്ല. പവര്‍ പ്ലേയില്‍ ഹൈദരാബാദ് ബൗളര്‍മാരെ വെങ്കടേഷ് നന്നായി പ്രഹരിച്ചു. അതോടെ നാലോവറില്‍ ടീം 57 റണ്‍സിലെത്തി. അഞ്ചാം ഓവറില്‍ താരം പുറത്തായി. 19 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് വെങ്കടേഷ് മടങ്ങിയത്. പിന്നാലെ 15 റണ്‍സ് മാത്രമെടുത്ത് കോലിയും മടങ്ങിയതോടെ ടീം ആറ് ഓവറില്‍ 75-2 എന്ന നിലയിലായി. ഹൈദരാബാദ് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ റണ്ണൊഴുക്ക് കുറഞ്ഞു. ദേവദത്ത് പടിക്കല്‍ 21 റണ്‍സെടുത്ത് മടങ്ങി.
പത്തോവറില്‍ ബംഗളൂരു നൂറിലെത്തി. നാലാം വിക്കറ്റില്‍ രജത് പാട്ടിദാറും ക്രുണാല്‍ പാണ്ഡ്യയുമാണ് ഒന്നിച്ചത്. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ടീം 165 റണ്‍സ് കടന്നു. ടീം ക്വാളിഫയര്‍ 1 ഉറപ്പിച്ചു. അതോടെ മത്സരഫലം അപ്രസക്തമായി. ഒടുക്കം 200 റണ്‍സിന് ആര്‍സിബി ഇന്നിങ്‌സ് അവസാനിച്ചു. രജത് പാട്ടിദാര്‍ 56 റണ്‍സെടുത്തു.
നേരത്തേ ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് ആണെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റേത് മികച്ച തുടക്കമായിരുന്നു. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും വെടിക്കെട്ട് നടത്തി.
എട്ടാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. 20 പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി നേടിയത്. ഒന്‍പതാം ഓവറില്‍ അഭിഷേക് മടങ്ങി. 22 പന്തില്‍ നിന്ന് 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പത്തോവറില്‍ 116-2 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹെന്റിച്ച് ക്ലാസനും ഇഷാന്‍ കിഷനും പിന്നീട് മൈതാനത്ത് താണ്ഡവമാടി. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹൈദരാബാദ് ബാറ്റര്‍മാര്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.
13-ാം ഓവറില്‍ 27 റണ്‍സും 14-ാം ഓവറില്‍ 15 റണ്‍സും 15-ാം ഓവറില്‍ 18 റണ്‍സുമാണ് ക്ലാസനും ഇഷാന്‍ കിഷനും ചേര്‍ന്ന് അടിച്ചെടുത്തത്. അതോടെ സ്‌കോര്‍ 189 ലെത്തി. ഇഷാന്‍ കിഷന്‍ ഫിഫ്റ്റിയും നേടി. അടിച്ചുകളിച്ച ക്ലാസനും പിന്നാലെ അര്‍ധസെഞ്ചുറി തികച്ചു. അതോടെ ആര്‍സിബി അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. 24 പന്തില്‍ നിന്ന് 51 റണ്‍സുമായി ക്ലാസന്‍ പുറത്തായെങ്കിലും പിന്നാലെയിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി തകര്‍ത്തടിച്ചു. അവസാന ഓവറുകളില്‍ നിതീഷ് കുമാറും കിഷനും മിന്നിച്ചതോടെ സ്‌കോര്‍ 250 കടന്നു. ഇഷാന്‍ കിഷന്‍ 46 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത് പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates