

ദുബായ്: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മുന്നിൽ ബാറ്റിങ് മറന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. കൊൽക്കത്ത ബൗളിങ് നിര കണിശതയോടെ പന്തെറിഞ്ഞതോടെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 115 റൺസ് മാത്രമാണ് നേടാനായത്.
26 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനും 25 റൺസ് നേടിയ അബ്ദുൽ സമദും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ പിടിച്ചുനിന്നത്. അഞ്ച് പേർക്ക് രണ്ടക്കം പോലും കാണാൻ സാധിച്ചില്ല. ടോസ് നേടി ബാറ്റിങ് ആരംഭിച്ച സൺറൈസേഴ്‌സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം പന്തിൽ തന്നെ ഓപ്പണറായ വൃദ്ധിമാൻ സാഹയെ വിക്കറ്റിനു മുന്നിൽ കുടുക്കി ടിം സൗത്തി കൊൽക്കത്തയ്ക്ക് സ്വപ്‌നത്തുടക്കം സമ്മാനിച്ചു. പൂജ്യത്തിനാണ് സാഹയുടെ മടക്കം.
പിന്നാലെ മറ്റൊരു ഓപ്പണറായ ജേസൺ റോയിയെ മടക്കി ശിവം മാവി സൺറൈസേഴ്‌സിന്റെ രണ്ടാം വിക്കറ്റ് പിഴുതെടുത്തു. 13 പന്തുകളിൽ നിന്ന് 10 റൺസെടുത്ത റോയിയെ മാവി സൗത്തിയുടെ കൈയിലെത്തിച്ചു. ഇതോടെ സൺറൈസേഴ്‌സ് 16 റൺസിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നാലെ വന്ന വില്യംസൻ നന്നായി കളിച്ചതോടെ വലിയ തകർച്ചയിൽ നിന്ന് സൺറൈസേഴ്‌സ് കരകയറി. ബാറ്റിങ് പവർപ്ലേയിൽ സൺറൈസേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തു.
എന്നാൽ ഏഴാം ഓവറിൽ വില്യംസൻ റൺ ഔട്ടായത് സൺറൈസേഴ്‌സിന് തിരിച്ചടിയായി. 21 പന്തുകളിൽ നിന്ന് 26 റൺസെടുത്ത വില്യംസനെ ഷാക്കിബ് അൽ ഹസനാണ് മടക്കിയത്. ഇതോടെ സൺറൈസേഴ്‌സ് 38 റൺസിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന യുവതാരം അഭിഷേക് ശർമയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഷാക്കിബിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച താരത്തെ ദിനേശ് കാർത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. വെറും ആറ് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
പിന്നീട് ക്രീസിലൊന്നിച്ച പ്രിയം ഗാർഗും അബ്ദുൽ സമദും ചേർന്ന് ടീം സ്‌കോർ 70 കടത്തി. സൺറൈസേഴ്‌സ് കരകയറുമെന്ന് തോന്നിച്ചെങ്കിലും കൃത്യസമയത്ത് പ്രിയം ഗാർഗിനെ വീഴ്ത്തി വരുൺ ചക്രവർത്തി കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. 21 റൺസെടുത്ത ഗാർഗ് സിക്‌സടിക്കാൻ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിൽ നിന്ന് പന്ത് രാഹുൽ ത്രിപാഠി കൈയിലൊതുക്കി.
ഗാർഗിന് പകരം ക്രീസിലെത്തിയ ഓൾറൗണ്ടർ ജേസൺ ഹോൾഡർക്കും പിടിച്ചുനിൽക്കാനായില്ല. രണ്ട് റൺസ് മാത്രമെടുത്ത താരത്തെ വരുൺ ചക്രവർത്തി പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും തളരാതെ പിടിച്ചു നിന്ന സമദ് സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ 18 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സിന്റെ അകമ്പടിയോടെ 25 റൺസെടുത്ത സമദിനെ പുറത്താക്കി സൗത്തി സൺറൈസേഴ്‌സിനെ വീണ്ടും സമ്മർദ്ദത്തിലാക്കി.
സമദിന് പിന്നാലെ വന്ന റാഷിദ് ഖാനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വെറും എട്ട് റൺസ് മാത്രമെടുത്ത താരത്തെ ശിവം മാവി പുറത്താക്കി. ഏഴ് റൺസ് വീതമെടുത്ത ഭുവനേശ്വർ കുമാറും സിദ്ധാർഥ് കൗളും പുറത്താവാതെ നിന്നു. കൊൽക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷാക്കിബ് അൽ ഹസൻ ഒരു വിക്കറ്റ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates