'അപരാജിത സൂര്യന്‍'- അവസാന പന്തില്‍ സിക്‌സ്; കിടിലന്‍ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ്; ഗുജറാത്തിന് 219 റണ്‍സ് ലക്ഷ്യം

49 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും 11 ഫോറും സഹിതം സൂര്യകുമാര്‍ 103 റണ്‍സുമായി പുറത്താകാതെ നിന്നു
സൂര്യകുമാർ യാ​ദവ്/ പിടിഐ
സൂര്യകുമാർ യാ​ദവ്/ പിടിഐ
Updated on: 
1 min read

വാംഖഡെ: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 218 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവിന്റെ അപരാജിത സെഞ്ച്വറിക്കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ സ്‌കോര്‍ 200 കടത്തി. 

49 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും 11 ഫോറും സഹിതം സൂര്യകുമാര്‍ 103 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20യിൽ താരം നേടുന്ന കന്നി സെഞ്ച്വറിയാണിത്. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

മലയാളി താരം വിഷ്ണു വിനോദ് ടീമില്‍ ഇടംപിടിച്ചു. കിട്ടിയ ചാന്‍സ് മികച്ച പ്രകടനത്തിലൂടെ വിഷ്ണു മുതലാക്കുകയും ചെയ്തു. താരം 20 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സ് വാരി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കി. 

കരുത്തോടെയാണ് മുംബൈ തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഒപ്പണിങ് സഖ്യം 6.1 ഓവറില്‍ 61 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. 

വിഷ്ണു വിനോദ്
വിഷ്ണു വിനോദ്

രോഹിത് മികവിലേക്കുയരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയാണ് മടങ്ങിയത്. 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 29 റണ്‍സെടുത്ത് രോഹിത് മടങ്ങി. ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സാണ് കണ്ടെത്തിയത്. നാല് ഫോറും ഒരു സിക്‌സും താരം നേടി. 

പിന്നീടെത്തിയ നേഹല്‍ വധേര 15 റണ്‍സുമായി മടങ്ങി. പിന്നീടാണ് സൂര്യക്കു കൂട്ടായി വിഷ്ണു എത്തിയത്. ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. വിഷ്ണു മടങ്ങിയ ശേഷവും ഒരറ്റത്ത് സൂര്യ കുമാര്‍ കീഴടങ്ങാതെ കത്തിക്കയറി. 

അതിനിടെ ടിം ഡേവിഡ് അഞ്ച് റണ്‍സുമായി മടങ്ങി. സൂര്യക്കൊപ്പം കാമറൂണ്‍ ഗ്രീന്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. 

ഗുജറാത്തിനായി റാഷിദ് ഖാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 30 റണ്‍സ് വഴങ്ങിയാണ് റാഷിദ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ശേഷിച്ച ഏക വിക്കറ്റ് മോഹിത് ശര്‍മയും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com