

സെവിയ: അവസരങ്ങൾ വന്ന് പോയിട്ടും ഗോൾ വല കുലുക്കാനാവാതെ സ്വീഡനോട് ഗോൾരഹിത സമനില വഴങ്ങി സ്പെയിൻ. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച് എതിരാളിക്ക് മേൽ സമ്മർദം ചെലുത്തി കളിച്ചെങ്കിലും ഗോൾ മാത്രം സ്പാനിഷ് പടയിൽ നിന്ന് അകന്ന് നിന്നു.
കളിയിൽ ഏതാനും അവസരങ്ങൾ മാത്രമാണ് സ്വീഡന് സൃഷ്ടിക്കാനായത് എങ്കിലും സ്പെയ്നിനെ വിറപ്പിക്കുന്നതായിരുന്നു അത്. അലക്സാണ്ടർ ഇസാക്കിൽ നിന്ന് വന്ന ഷോട്ട് സ്പെയ്ൻ പ്രതിരോധ നിര താരം മാർകോസ് ലോറന്റെയിൽ തട്ടി ഡിഫ്ളക്റ്റഡായി അകന്ന് പോയത് സ്വീഡന് വിനയായി. രണ്ടാം പകുതിയിൽ മാർകസ് ബെർഗ് പെനാൽറ്റി ഏരിയയിലേക്ക് പന്തുമായി എത്തിയെങ്കിസും മിസ് ഹിറ്റായി.
സ്വീഡന് വേണ്ടി ഇസാക് അവസരം സൃഷ്ടിച്ചതിന് പിന്നാലെ സ്പെയ്നിന് വേണ്ടി അൽവാരോ മൊറാട്ടയിൽ നിന്നും സ്പെയ്നിനെ തേടി സുവർണാവസരം എത്തി. ഗോൾകീപ്പർ റോബിൻ ഓൾസെൻ മാത്രമാണ് മുൻപിലുണ്ടായിരുന്നത് എങ്കിലും പന്ത് ഗോൾവല തൊടാതെ അകന്ന് പോയി. പിന്നാലെ സ്പാനിഷ് ആരാധകരിൽ നിന്ന് മോറാട്ടയ്ക്ക് നേരെ കൂവലും ഉയർന്നിരുന്നു.
സ്വീഡൻ ഗോൾ കീപ്പറിൽ നിന്ന് വന്ന രണ്ട് സൂപ്പർ സേവുകളാണ് സ്പെയ്നിന് ഗോൾ നിഷേധിച്ചത്. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ മൊറേനോയിൽ നിന്ന് 90ാം മിനിറ്റിൽ വന്ന ഹെഡർ സേവ് ചെയ്ത് അവസാന നിമിഷം ജയം പിടിക്കാനുള്ള സ്പെയ്നിന്റെ സാധ്യതകളെ തട്ടിയകറ്റി. ആദ്യ പകുതിയിൽ ഡാനി ഒൽമോയുടെ ക്ലോസ് റേഞ്ച് ഹെഡറും സ്വീഡൻ ഗോൾ കീപ്പർ തടഞ്ഞിട്ടിരുന്നു.
75 ശതമാനം ഗോൾ പൊസഷനോടെയാണ് സ്പെയ്ൻ കളി അവസാനിപ്പിച്ചത്. 17 ഷോട്ടുകൾ സ്പെയ്നിൽ നിന്ന് വന്നു. ഓൺ ടാർഗറ്റിലേക്ക് വന്നത് 5 എണ്ണം. നാല് ഷോട്ടുകൾ സ്വീഡനിൽ നിന്ന് വന്നപ്പോൾ നാല് വട്ടവും ടാർഗറ്റിലേക്ക് അത് എത്തിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates