

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും ജയവുമായി കേരളം. അസമിനെതിരായ പോരാട്ടത്തില്‍ കേരളം അതിവേഗ വിജയം സ്വന്തമാക്കി. 9 വിക്കറ്റിനാണ് കേരളം വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചപ്പോള്‍ കേരളത്തിന്റെ മറുപടി വെറും 12.3 ഓവറില്‍ വന്നു. ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ കേരളം 166 റണ്‍സ് വാരി.
മാരക ബാറ്റിങുമായി കളം വാണ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സംഹാര താണ്ഡവമാണ് കേരളത്തിന്റെ അതിവേഗ വിജയത്തിന്റെ കാതല്‍. താരം വെറും 37 പന്തില്‍ 9 സിക്‌സും 6 ഫോറും സഹിതം വാരിയത് 93 റണ്‍സ്. സിക്‌സര്‍ പറത്തി അസ്ഹറുദ്ദീന്‍ തന്നെയാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്.
മിന്നും ബാറ്റിങ് തുടരുന്ന ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍- രോഹന്‍ കുന്നുമ്മല്‍ സഖ്യം ഇത്തവണയും കളം വാണു. ഇരുവരും ഒന്നാം വിക്കറ്റില്‍ വെറും 8.1 ഓവറില്‍ 123 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിനു നഷ്ടമായത്. താരം 27 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 53 റണ്‍സെടുത്തു.
മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തി കൂടുതല്‍ നഷ്ടങ്ങളില്ലാതെ അസ്ഹറുദ്ദീനൊപ്പം ചേര്‍ന്നു കേരളത്തെ അനായാസം വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. സഞ്ജു 13 പന്തില്‍ 14 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.
നേരത്തെ 3 വിക്കറ്റുകള്‍ വീഴ്ത്തിയ വൈശാഖ് ചന്ദ്രന്‍ കേരളത്തിനായി ബൗളിങില്‍ തിളങ്ങി. കാര്‍ത്തിക് ബി നായര്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അസമിനായി ക്യാപ്റ്റന്‍ ദേനിഷ് ദാസാണ് തിളങ്ങിയത്. താരം പുറത്താകാതെ 49 റണ്‍സെടുത്തു. രോഹിത് സെന്‍ 29 റണ്‍സും അകാശ് സെന്‍ ഗുപ്ത, അയുഷ് അഗര്‍വാള്‍ എന്നിവര്‍ 21 വീതം റണ്‍സും ടീമിനായി ബോര്‍ഡില്‍ ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates