

അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. കലാശപ്പോരില്‍ ഇന്ത്യ 96 റണ്‍സിന്റെ ജയമാണ് നേടിയത്. നാലു വിക്കറ്റ് എടുത്ത ബുംറയാണ് ന്യൂസിലൻഡിനെ തകർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ ഇലന്‍ (7 പന്തില്‍ 9), രചിന്‍ രവീന്ദ്ര (2 പന്തില്‍ 1), ഗ്ലെന്‍ ഫിലിപ്‌സ് (5 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു തുടക്കത്തില്‍ തന്നെ നഷ്ടമായത്. മൂന്നാം ഓവറില്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് അക്ഷര്‍ പട്ടേലാണ് അലനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ ബോളില്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ക്യാച്ചിലാണ് രചിന്‍ പുറത്തായത്. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ബൗള്‍ണ്ടാക്കി അക്ഷര്‍ അടുത്ത പ്രഹരവും നല്‍കി. എന്നാല്‍ വേഗത്തില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി ഓപ്പണര്‍ സെയ്ഫര്‍ട്ട് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 26 പന്തില്‍ 52 റണ്‍സുമായി കുതിച്ച സെയ്ഫര്‍ട്ട് ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വീണു.
പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. എട്ടാം ഓവറിൽ ചാപ്‍മാനെ ബൗൾഡാക്കി ഹാർദിക് കിവീസിന്റെ അടുത്ത വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മിന്നുംഫോമിൽ കളിച്ച സെയ്ഫർട്ടിനെ ബൗണ്ടറി ലൈനിനു സമീപം ഇഷാൻ കിഷൻ കിടിലൻ ക്യാച്ചിലൂടെ കയ്യിലൊതുക്കി. ഇതോടെ 8.1 ഓവറിൽ 5ന് 72 എന്ന നിലയിലേക്ക് കിവീസ് വീണു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡിനെ അനുവദിച്ചില്ല.
വീണ്ടും കിരീടത്തില്‍ മുത്തമിടാന്‍ ആത്മവിശ്വാസത്തോടെ ഇന്ത്യ മോദി സ്‌റ്റേഡിയത്തില്‍ ഇറങ്ങിയപ്പോള്‍ പിറന്നത് കൂറ്റന്‍ സ്‌കോര്‍ ആണ്. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26) ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്.
ഓപ്പണര്‍മാര്‍ ചേര്‍ന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ അഭിഷേക് ശര്‍മ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates