

കൊളംബോ: ടി20 ലോകകപ്പിൽ തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്ഥാന് മറുപടി ബൗളിങിൽ അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ച് ഇന്ത്യ. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. പിന്നാലെ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്ഥാനെ വന്‍ പ്രതിരോധത്തിലാക്കി. 2 ഓവറില്‍ പാകിസ്ഥാന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന്‍ സല്‍മാന്‍ ആഘ 4 റണ്‍സുമായും പുറത്തായി.
പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി അക്ഷര്‍ പട്ടേല്‍ അടുത്ത പ്രഹരം പാകിസ്ഥാനു നല്‍കി. ബാബര്‍ 5 റണ്‍സുമായി മടങ്ങി. പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ വിയര്‍ക്കുകയാണ്. 34 റണ്‍സിനിടെയാണ് അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സ്വന്തമാക്കിയത്. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആറ് സ്പിന്നര്‍മാരുമായി കളിച്ച പാക് തന്ത്രം ഫലം കണ്ടു. കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പാകിസ്ഥാന്‍ തന്ത്രപരമായി തടഞ്ഞു. രണ്ട് ഓവര്‍ മാത്രമാണ് പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞത്. ബാക്കി 18 ഓവറുകളും സ്പിന്നര്‍മാരാണ് എറിഞ്ഞത്.
ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. പാക് ബൗളിങിനെ നിര്‍ഭയനായി നേരിട്ടാണ് ഇഷാന്‍ മടങ്ങിയത്. പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന്‍ കിഷനെ മടക്കിയാണ് പാകിസ്ഥാന്‍ ബ്രേക്ക് ത്രൂ കളിയില്‍ സ്വന്തമാക്കിയത്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ 50 റണ്‍സിലെത്തിയ ഇഷാന്‍ 40 പന്തില്‍ 77 റണ്‍സുമായാണ് പവലിയനിലേക്ക് പോയത്. 10 ഫോറും 3 സിക്‌സും സഹിതമാണ് ഇഷാന്‍ പാക് ബൗളിങിനെ ആക്രമിച്ചത്. ഇഷാന്റെ മുന്നില്‍ പാക് ബൗളിങിന്റെ തന്ത്രം വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി.
ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന്‍ നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കിട്ടാന്‍ പാകിസ്ഥാന് 88 റണ്‍സ് വരെ കാക്കേണ്ടി വന്നു.
പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 126ല്‍ എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന്‍ ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 15ാം ഓവറിലെ 2, 3 പന്തുകളില്‍ തിലക് വര്‍മയേയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും പാകിസ്ഥാന്‍ മടക്കി. ഇഷാനെ പുറത്താക്കിയ സയിം അയൂബാണ് അടുത്ത വരവില്‍ തിലകിനേയും പിന്നാലെ ഗോള്‍ഡന്‍ ഡക്കായി ഹര്‍ദികിനേയും പുറത്താക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. തിലക് 24 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സുമായി മടങ്ങി.
സ്‌കോര്‍ 159ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. സൂര്യ 29 പന്തില്‍ 32 റണ്‍സുമായ ഔട്ടായി. ശിവം ദുബെ 17 പന്തില്‍ 27 റണ്‍സുമായി പുറത്തായി. താരം 3 ഫോറും ഒരു സിക്‌സും നേടി. റിങ്കു സിങ് 4 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്ത് നേരിട്ട അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
പാകിസ്ഥാനായി സയിം അയൂബ് 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. സല്‍മാന്‍ ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates