

മുംബൈ: പാകിസ്ഥാനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ തിരിച്ചടി കിട്ടിയത് ഇന്ത്യക്ക്. 2-0ത്തിനു പരമ്പര തൂത്തുവാരി ബംഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്ത്യക്ക് താഴോട്ട് ഇറങ്ങേണ്ടി വന്നു. ഇന്ത്യ ആറാം സ്ഥാനത്തേക്കാണ് വീണത്.
ജയത്തോടെ ഇന്ത്യക്കു മുകളിലേക്ക് കയറാന്‍ ബംഗ്ലാദേശിനു സാധിച്ചു. അവര്‍ അഞ്ചാം സ്ഥാനത്തായി. ഇന്ത്യക്ക് 58.33 ആണ് പോയിന്റ് ശതമാനം, 66.67 ആണ് ബംഗ്ലാദേശിന്. 87.50 ശതമാനവുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2025-27 സൈക്കിളില്‍ ഇന്ത്യ 9 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. അതില്‍ നാല് വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് ഫലം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ തോല്‍വിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ബംഗ്ലാദേശ് തുടരെ രണ്ടാം വട്ടമാണ് പാകിസ്ഥാനെ സംപൂര്‍ണ തോല്‍വിയിലേക്ക് തള്ളിയിട്ട് ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ 78 റണ്‍സിന് തോല്‍പ്പിച്ചാണ് അവര്‍ പരമ്പര സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ പാകിസ്ഥാനെതിരെ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയം കൂടിയാണ് ബംഗ്ലാദേശ് കരസ്ഥമാക്കിയത്. 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 358ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സില്‍ 34.2 ഓവറില്‍ 120 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാ സ്പിന്നര്‍ തൈജുല്‍ ഇസ്ലാമാണ് പാക് പ്രതീക്ഷകള്‍ തകര്‍ത്തത്.
രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാന്‍, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, സല്‍മാന്‍ ആഗ എന്നിവര്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. റിസ്വാന്‍ 166 പന്തില്‍ 94 റണ്‍സെടുത്തു. ഷാന്‍ മസൂദും, സല്‍മാന്‍ ആഗയും 71 റണ്‍സ് വീതം നേടി.
ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു ടെസ്റ്റ് മത്സരങ്ങള്‍ അവര്‍ തുടരെ വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെയും ബംഗ്ലദേശ് 2-0ന് പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലദേശിന്റെ രണ്ടാം ഇന്നിങ്സില്‍ മുഷ്ഫിഖര്‍ റഹീം സെഞ്ചറി നേടി. മുഷ്ഫിഖര്‍ 137 റണ്‍സാണ് അടിച്ചത്. ഓപ്പണര്‍ മഹ്മുദുല്‍ ഹസന്‍ ജോയ് (52), ലിറ്റന്‍ ദാസ് (69) എന്നിവര്‍ അര്‍ധ സെഞ്ച്വറികളും നേടി. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലദേശ് 390 റണ്‍സാണ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates