

ബ്രിസ്ബെയ്ൻ: ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 7500 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഓസീസ് മുൻ നായകൻ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ പോരാട്ടത്തിന്റെ നാലാം ദിനത്തിലാണ് സ്മിത്തിന്റെ നേട്ടം. ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരുടെ റെക്കോർഡാണ് സ്മിത്ത് പഴങ്കഥയാക്കിയത്.
ബ്രിസ്‌ബെയ്‌നിൽ രണ്ടാം ഇന്നിങ്‌സിൽ 55 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. 139 ഇന്നിങ്‌സുകളിൽ നിന്നാണ് സ്മിത്ത് 7500 റൺസ് തികച്ചത്. 144 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരായിരുന്നു ഇതുവരെ ഈ റെക്കോർഡ് സ്വന്തമാക്കിയവർ. ഇരുവരേയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് റെക്കോർഡിൽ സ്വന്തം പേര് എഴുത് ചേർത്തത്.
147 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിൻഡീസിന്റെ ഗാരി സോബേഴ്‌സ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. രാഹുൽ ദ്രാവിഡ് 148 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിനൊപ്പം തന്നെ മറ്റൊരു പെരുമയും സ്മിത്ത് നേടി. ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ റൺ വേട്ടക്കാരുടെ പട്ടികയിൽ മുൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലറെ മറികടന്ന് സ്മിത്ത് എട്ടാം സ്ഥാനത്തേക്ക് കയറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates