

ദുബൈ: ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ സഞ്ജു എടുത്ത ക്യാച്ചിന് ഔട്ട് വിധിച്ചതില്‍ വിവാദം കെട്ടടങ്ങിയിട്ടില്ല. വിവാദത്തില്‍ പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തറും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ചില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നിട്ടും ക്യാച്ച് ഔട്ടാണെന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്. സഞ്ജു ക്യാച്ച് എടുക്കുന്നതിന് മുമ്പ് പന്ത് നിലത്ത് തട്ടിയോ ഇല്ലയോ എന്ന് ഉറപ്പാക്കാന്‍ മൂന്നാം അംപയര്‍ പല തവണ പരിശോധിച്ചെങ്കിലും ഔട്ടെന്നാണ് അംപയര്‍ വിധിച്ചത്. അംപയറുടെ തീരുമാനത്തിന് പിന്നാലെ ഫഖര്‍ സമാനും കടുത്ത അതൃപ്തിയിലായിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ ക്യാച്ചില്‍ സംശയമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍.
'ഫഖര്‍ സമാന്‍ ഔട്ട് അല്ലെന്നും ബാറ്റര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നുവെന്നുമാണ് ഷൊയ്ബ് അക്തറുടെ പ്രതികരണം. ഫഖര്‍ ഔട്ട് അല്ല. താരത്തിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. അംപയര്‍ എല്ലാ ആംഗിളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ നോക്കിയില്ല. 26 കാമറകളുണ്ട്, എന്നിട്ടും ഒരു ആംഗിളും കാണാനില്ല. അദ്ദേഹം രണ്ട് ആംഗിളുകള്‍ നോക്കി തീരുമാനമെടുത്തു. അതിലൊന്നില്‍ പന്ത് മൈതാനത്ത് കുത്തിയതായി തോന്നി' അക്തര്‍ പറഞ്ഞു. 'ഒരുപക്ഷേ ഫഖര്‍ കളിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി മാറുമായിരുന്നു. അംപയറിങ്ങിന്റെ പ്രത്യേകിച്ച് തേര്‍ഡ് അംപയറിങ്ങിന്റെ നിലവാരം എനിക്ക് തൃപ്തികരമായി തോന്നിയില്ല. പന്ത് നിലത്ത് തട്ടിയതായി വ്യക്തമായി കാണാം' അക്തര്‍ പറഞ്ഞു.
ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാന്‍ മത്സരത്തില്‍ ഒമ്പത് പന്തില്‍നിന്ന് 15 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസും രംഗത്തെത്തി. സഞ്ജു ക്യാച്ച് എടുത്തത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates