

ഹോര്‍സെന്‍സ്: തോമസ് കപ്പ് ഫൈനല്‍സ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കാനഡയ്‌ക്കെതിരെ ഓപ്പണിങ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കു മികച്ച ലീഡ്. ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്‌സ് റണ്ണര്‍ അപ്പായ യുവ താരം ആയുഷ് ഷെട്ടി, പുരുഷ ഡബിള്‍സിലെ ഇന്ത്യയുടെ സൂപ്പര്‍ സഖ്യമായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം എന്നിവര്‍ വിജയം സ്വന്തമാക്കി. പുരുഷ ഡബിള്‍സിലെ മറ്റൊരു ഇന്ത്യന്‍ സഖ്യമായ ഹരിഹരന്‍ അംശകരുണന്‍- എംആര്‍ അര്‍ജുന്‍ സഖ്യവും വെറ്ററന്‍ താരം കിഡംബി ശ്രീകാന്തും വിജയിച്ചതോടെയാണ് ഇന്ത്യ 4-1ന്റെ വ്യക്തമായ ലീഡ് സ്വന്തമാക്കിയത്. അതേസമയം മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ പുരുഷ സിംഗിള്‍സിലെ ആദ്യ പോരില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി.
2022ലെ തോമസ് കപ്പ് ചാംപ്യന്‍മാരാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ കാനഡയെ കൂടാതെ കരുത്തരായ ചൈന, ഓസ്‌ട്രേലിയ ടീമുകളാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
ആദ്യ മത്സരത്തില്‍ തന്നെ ലക്ഷ്യ തോറ്റത് ഇന്ത്യയെ ഞെട്ടിച്ചു. കാനഡയുടെ വിക്ടര്‍ ലായി ആണ് ലക്ഷ്യയെ വീഴ്ത്തിയത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് ലക്ഷ്യ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 21-18, 19-21, 10-21.
പിന്നീടുള്ള മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ തിരിച്ചു വരവ് നടത്തിയത്. പുരുഷ ഡബിള്‍സില്‍ സാത്വിക്- ചിരാഗ് സഖ്യം ജൊനാതന്‍ ബിങ് ടിസാന്‍ ലായ്- കെവിന്‍ ലീ സഖ്യത്തെ വീഴ്ത്തി ഇന്ത്യയെ ഒപ്പമെത്തിച്ചു. 21-10, 21-11 എന്ന സ്‌കോറിന് അനായാസമായാണ് സഖ്യം വിജയിച്ചത്.
പിന്നാലെയാണ് ആയുഷിന്റ കരുത്തില്‍ ഇന്ത്യ മുന്നേറ്റം തുടര്‍ന്നത്. 20കാരനായ താരം ബ്രിയാന്‍ യങിനെ വീഴ്ത്തി. 21-13, 21-17 എന്ന സ്‌കോറിനാണ് താരത്തിന്റെ മുന്നേറ്റം.
ഇന്ത്യയുടെ രണ്ടാം ഡബിള്‍സ് സഖ്യമായ ഹരിഹരന്‍ അംശകരുണന്‍- എംആര്‍ അര്‍ജുന്‍ സഖ്യവും വിജയം സ്വന്തമാക്കി. ടി അലക്‌സാണ്ടര്‍ ലിന്‍ഡ്മാന്‍- നില്‍ യകുറ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 21-7, 21-15.
വെറ്ററന്‍ താരം കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടിലെ പോരാട്ടം ജയിച്ചു ഇന്ത്യക്കു കരുത്തു പകര്‍ന്നു. ശ്രീകാന്ത് ജോഷ്വ എന്‍ഗുയനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-17, 21-12. താരവും അനായാസ വിജയമാണ് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates