'വെടിക്കെട്ട് ടീമാ'! കേരള ക്രിക്കറ്റ് ലീ​ഗിൽ തൃശൂർ ടൈറ്റൻസിന് കന്നി കിരീടം

കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ 4 വിക്കറ്റിന് തകർത്തു
Thrissur Titans
Thrissur Titansx
Updated on
2 min read

തിരുവനന്തപുരം: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ 4 വിക്കറ്റിന് വീഴ്ത്തി കേരള ക്രിക്കറ്റ് ലീഗ് കിരീടം തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കന്നി കിരീടമുയർത്തിയത്. അഹ്മദ് ഇമ്രാന്റെ തകർപ്പൻ അർധ സെഞ്ച്വറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എംഎസ് അഖിലിന്റെ ഓൾ റൗണ്ട് മികവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിൾസിന്റെ മുഹമ്മദ് അസ്ഹറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂ‍ർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. സ്കോർ: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ്: 20 ഓവറിൽ 167/9, തൃശൂർ ടൈറ്റൻസ്: 19.3 ഓവറിൽ 169/6.

ഫൈനലിൽ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ രോഹൻ, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത വരുൺ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേൽപ്പിച്ചു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളിൽ നിന്ന് 21 റൺസായിരുന്നു രോഹൻ നേടിയത്.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഖിൽ സ്കറിയയും അശ്വിൻ ആനന്ദും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതൽക്കൂട്ടായി. ഇരുവരും ചേർന്ന് 49 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അഖിൽ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറിൽ 40 റൺസെടുത്ത അശ്വിൻ ആനന്ദും മടങ്ങുമ്പോൾ നാല് വിക്കറ്റിന് 144 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാൽ തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ ടൈറ്റൻസിന്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി.

കാലിക്കറ്റിന്റെ ബിഗ് ഹിറ്റർമാരായ സൽമാൻ നിസാർ, അബ്ദുൽ ബാസിദ്, കൃഷ്ണദേവൻ എന്നിവരിൽ ഒരാൾക്ക് പോലും നിർണായക മത്സരത്തിൽ തിളങ്ങാനായില്ല. സൽമാൻ 16ഉം, അബ്ദുൽ ബാസിദ് 14ഉം കൃഷ്ണദേവൻ ഏഴും റൺസെടുത്ത് മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്കോർ 167ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുൽ റമീസാണ് തൃശൂർ ബൗളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.

Thrissur Titans
പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ തന്നെ വിഷ്ണുരാജിന്റെ (8) വിക്കറ്റ് നഷ്ടമായി. തുടരെ രണ്ട് ഫോറുമായി തുടങ്ങിയ വിഷ്ണുരാജിനെ അഖിൻ സത്താർ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം ഓവറിൽ 18 റൺസെടുത്ത കെആർ രോഹിതും മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഹ്മദ് ഇമ്രാനും സഞ്ജീവ് സതീശനും ചേർന്ന കൂട്ടുകെട്ട് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടു. വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം മോശം പന്തുകളെ അതിർത്തി കടത്തിയും ഇരുവരും അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. തകർപ്പൻ ബാറ്റിങ്ങിലൂടെ 87 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

16ാം ഓവറിൽ അഹ്മദ് ഇമ്രാനെയും സഞ്ജീവ് സതീശനെയും പുറത്താക്കി ജോസ് പെരയിൽ കാലിക്കറ്റ് ആരാധകർക്ക് പ്രതീക്ഷ നൽകി. 49 പന്തുകളിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സുമടക്കം 69 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. സഞ്ജീവ് സതീശൻ 29 റൺസെടുത്തു. വിജയത്തോടടുക്കെ തൃശൂരിന് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. നിഖിൽ തോട്ടത്ത് 14 റൺസും മുഹമ്മദ് ഇനാൻ എട്ടും റൺസുമായി മടങ്ങി. എന്നാൽ മറുവശത്ത് നിലയുറപ്പിച്ച എംഎസ് അഖിൽ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 11 പന്തുകളിൽ നിന്ന് 19 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി ഇബ്നുൽ അഫ്താബും ജോസ് പെരയിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മൂന്ന് സെഞ്ച്വറിയടക്കം ടൂ‍ർണമെന്റിലാകെ 596 റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടൂ‍ർണമെന്റിന്റെ താരവും മികച്ച ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടത്. 18 വിക്കറ്റുകൾ വീഴ്ത്തിയ ട്രിവാൻഡ്രം റോയൽസിന്റെ എം നിഖിലാണ് മികച്ച ബൗളർ. മികച്ച യുവതാരത്തിനുള്ള പ്രോമിസിങ് യങ്സ്റ്റർ പുരസ്കാരം തൃശൂർ ടൈറ്റൻസിന്റെ മുഹമ്മദ് ഇനാൻ സ്വന്തമാക്കി.

Thrissur Titans
ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫൈവ്-സ്റ്റാര്‍ സൗകര്യമില്ല, വേണമെങ്കില്‍ സ്വന്തം നിലയ്ക്ക് നോക്കുക: ഒളിംപിക് അസോസിയേഷന്‍
Thrissur Titans
'ബുംറയുടെ കാര്യത്തിൽ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും പരാജയപ്പെട്ടു'
Summary

Thrissur Titans vs Calicut Globstars Kerala Cricket League Final updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com