

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ്. ന്യൂസിലന്‍സ് ആദ്യ ഇന്നിങ്‌സില്‍ 356 റണ്‍സിന് പുറത്തായി. നാലു വിക്കറ്റുകള്‍ മാത്രം ശേഷിക്കേ കിവീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 240 റണ്‍സ് കൂടി വേണം.
45 പന്തില്‍ നിന്ന് ഏഴ് റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ധ്രുവ് ജുറെലിലാണ് ഇനി ഏക പ്രതീക്ഷ. തുടക്കത്തില്‍ തന്നെ മുന്‍നിര തകരുന്ന കാഴ്ചയാണ് കണ്ടത്. റണ്‍സ് ഒന്നും എടുക്കാതെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായത് ടീമിനെ ഞെട്ടിച്ചു. ദേവ്ദത്ത് പടിക്കലും (21) കെ എല്‍ രാഹുലും (25) ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷ തോന്നിപ്പിച്ചുവെങ്കിലും അത് താത്കാലികം മാത്രമായിരുന്നു. ദേവ്ദത്ത് പടിക്കല്‍ പുറത്തായതിന് പിന്നാലെ കാര്യമായി സംഭാവന നല്‍കാന്‍ കഴിയാതെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (17), ഋഷഭ് പന്ത് (23) എന്നിവരും പുറത്തായതോടെ ഇന്ത്യന്‍ ടീം തകര്‍ച്ച മണത്തു. ഒരുവശത്ത് വിക്കറ്റ് കാത്തുനിന്ന രാഹുലിലായിരുന്നു പിന്നീട് പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് കെഎല്‍ രാഹുലും പുറത്തായതോടെ ടീം കടുത്ത പ്രതിരോധത്തിലായി. ഇന്നത്തെ കളി തീരാനിരിക്കെയാണ് വാഷിങ്ടണ്‍ സുന്ദറും പുറത്തായത്. പത്തു റണ്‍സായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ സ്‌കോര്‍. കിവീസിനായി കൈല്‍ ജാമിസണും ജേക്കബ് ഡഫിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തേ കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് 356 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ടെസ്റ്റിലെ ആവര്‍ത്തനമെന്നോണം തുടക്കത്തിലെ തിരിച്ചടി മറികടന്നാണ് കിവീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 211 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത ടോം ബ്ലണ്ടെലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ആകാശ് ദീപ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 26 ഓവറുകളെറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. അന്‍ഷുലും ഗുര്‍നൂര്‍ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ ഗ്ലെന്‍ ഫിലിപ്സിന്റെ വിക്കറ്റ് നഷ്ടമായി. 67 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ഫിലിപ്സിനെ അന്‍ഷുല്‍ കാംബോജാണ് മടക്കിയത്. ആറാം വിക്കറ്റില്‍ ബ്ലണ്ടെലിനൊപ്പം നിര്‍ണായകമായ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഫിലിപ്സിനായി.
പിന്നാലെയെത്തിയ നഥാന്‍ സ്മിത്ത് പിടിച്ചുനിന്നതോടെ കിവീസ് സ്‌കോര്‍ ചലിച്ചു. 45 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സ്മിത്ത് ഇന്ത്യയുടെ ക്ഷമ കാര്യമായി പരീക്ഷിച്ചു. ഒടുവില്‍ 101-ാം ഓവറില്‍ താരത്തെ പുറത്താക്കി ആകാശ് ദീപാണ് ആ പോരാട്ടം അവസാനിപ്പിച്ചത്. ബ്ലണ്ടെലിനൊപ്പം 44 റണ്‍സിന്റെ കൂട്ടുകെട്ടിലും സ്മിത്ത് പങ്കാളിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates