

അല്‍ അമിറാത്ത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കു മുന്നില്‍ 338 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖാന്‍ (107) അര്‍ധസെഞ്ചുറികളുമായി കളംനിറഞ്ഞ അബ്ദുല്‍ ഖാദിര്‍ (80), നായകന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാന് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.
തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചാണ് പാകിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഹയാം ഖാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം ഓവറില്‍ ഹയാം ഖാനെ പുറത്താക്കി കവ്യ പട്ടേലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ അബ്ദുള്‍ ഖാദിറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാകിസ്ഥാനെ 200 കടത്തി. 204 റണ്‍സില്‍ ഖാദിറിനെ അര്‍ജുന്‍ രജ്പുത് പുറത്താക്കി.
മികച്ച ബാറ്റിങ് തുടര്‍ന്ന ഉസ്മാന്‍ ഖാന്‍ 36-ാം ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്‌കോര്‍ 238ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ പിന്നീട് മുന്നോട്ടുനയിച്ചത് നായകന്‍ ഫര്‍ഹാന്‍ യൂസഫാണ്. ഉസ്മാനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഫര്‍ഹാനും അര്‍ധസെഞ്ചുറി നേടി. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ കവ്യ പട്ടേല്‍ ഉസ്മാന്‍ ഖാനെ പുറത്താക്കി. പിന്നാലെ ഫര്‍ഹാന്‍ യൂസഫിനെ 63 റണ്‍സില്‍ ചിഗുരുപതി വെങ്കടയും പുറത്താക്കി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണതോടെ 350നു താഴെ പാക് പടയെ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഇന്ത്യയെ 151 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ കിരീടം നേടിയിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടു. ഈ തോല്‍വികള്‍ക്ക് മറുപടി നല്‍കി കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യ റായ്ചന്ദാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇത്തവണ കിരീടം നേടാനായാല്‍ ഒന്‍പതാം അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമാകും സ്വന്തമാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates