

ഗ്ലാസ്ഗോ: ഒറ്റ ദിവസം കൊണ്ട് ഉത്തർപ്രദേശ് പൊലീസിലെ സബ് ഇൻസ്പെക്ടറായ അസ്മിത ഡേ ചരിത്രത്തിലേക്കാണ് നടന്നു കയറിയത്. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത നേട്ടമാണ് 23കാരി സ്വന്തമാക്കിയത്. 48 കിലോ വിഭാഗത്തിൽ മത്സരിച്ചാണ് അസ്മിത ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയത്. സ്വർണം നേടിയതോടെ അസ്മിതയ്ക്ക് ജോലിയിലും സ്ഥാനക്കയറ്റം കിട്ടും. അവർ എനി ഡിസിപി റാങ്കിലേക്ക് ഉയരും.
വനിതാ ജൂഡോ 48 കിലോ വിഭാഗം ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാചിനെ വീഴ്ത്തിയാണ് അസ്മിത ചരിത്രത്തിൽ തന്റെ പേര് തങ്ക ലിപികളിൽ എഴുതിയിട്ടത്. 2-1നാണ് അസ്മിത ഫൈനൽ പോര് വിജയിച്ചു കയറിയത്.
'എന്റെ ചിന്താഗതി വളരെ ലളിതമായിരുന്നു. 48 കിലോ വിഭാഗത്തിൽ ഈ ദിവസം ഞാൻ തന്നെയാണ് ഏറ്റവും മികച്ചത് എന്നു ഉറച്ചു വിശ്വസിച്ചു. രാജ്യത്തിനായി എനിക്ക് സ്വർണം നേടണമെന്നു അതിയായി ആഗ്രഹിച്ചു. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും വേണ്ടിയാണ് ഞാൻ സ്വർണം നേടിയത്. യുപി പൊലീസിൽ സേവനം ചെയ്യാൻ എനിക്ക് അവസരം നൽകിയതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടു നന്ദി പറയുന്നു. പൊലീസ് വകുപ്പിൽ നിന്നു മികച്ച പിന്തുണയാണ് ഈ തലത്തിൽ മത്സരിക്കാനും രാജ്യത്തിനായി സ്വർണം നേടാനും എന്നെ പ്രാപ്തയാക്കിയത്.'
'എന്റെ പിതാവ് ഒരു സൈക്കിൾ മെക്കാനിക്കായിരുന്നു. അദ്ദേഹം കഴിഞ്ഞ വർഷം ഞങ്ങളെവിട്ടുപിരിഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്ന തോന്നലായിരുന്നു ആദ്യം എനിക്ക്. എന്നാൽ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ട്രയൽസിൽ പങ്കെടുത്തു വിജയിച്ചതോടെ ആത്മവിശ്വാസം തിരികെ കിട്ടി. രാജ്യത്തെ സേവിക്കാനാണ് ഞാൻ പൊലീസ് സേനയിൽ ചേർന്നത്. എന്നാൽ എന്റെ ഒളിംപിക് സ്വർണങ്ങളെ പിന്തുടരാനുള്ള മികച്ച വേദി കൂടി യുപി പൊലീസ് എനിക്കു നൽകി. ഞാൻ നേടുന്ന ഓരോ മെഡലും ദേശീയ പതാകയ്ക്കും എന്റെ പൊലീസ് യൂണിഫോമിനുമുള്ള ആദരം കൂടിയാണ്'- സുവർണ നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ താരം പ്രതികരിച്ചു.
ദക്ഷിണ ത്രിപുരയിലെ ബെലോണിയ സ്വദേശിയായ 23കാരി അസ്മിത ഡേ 800 മീറ്റർ ഓട്ടത്തിലൂടെയാണ് കായിക രംഗത്തേക്ക് വരുന്നത്. എന്നാൽ ഒരു ജില്ലാതല ട്രയൽസിൽ തിളങ്ങിയതോടെ അവർ ജൂഡോയിലേക്ക് മാറി. ഈ തീരുമാനമാണ് അവരുടെ ജീവിത ഗതി തന്നെ മാറ്റിയത്. അസ്മിതയുടെ പ്രതിഭ തിരിച്ചറിഞ്ഞ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അവരെ തങ്ങളുടെ ഉയർന്ന പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി. പിന്നീട് ടാർഗെറ്റ് ഒളിംപിക് പോഡിയം സ്കീം ഡെവലപ്മെന്റ് ഗ്രൂപ്പിലേക്ക് തിരഞ്ഞെടുത്തു.
2023ൽ മക്കാവുവിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പിൽ സ്വർണം, കുവൈത്തിൽ നടന്ന ഏഷ്യൻ ഓപ്പണിൽ വെള്ളി നേട്ടങ്ങൾ. 2025ൽ മൊറോക്കോയിൽ നടന്ന ആഫ്രിക്കൻ ഓപ്പണിൽ സ്വർണം. ഈ വർഷം ആദ്യം ഏഷ്യൻ സീനിയർ ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം. പിന്നാലെയാണ് കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി സ്വർണ നേട്ടം.
പുരുഷ വിഭാഗത്തിലും ജൂഡോയിൽ ഇന്ത്യയുടെ മുന്നേറ്റമായിരുനനു. 60 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ഹർഷ് സിങ് സ്വർണം സ്വന്തമാക്കി. ഫൈനലിൽ ഓസ്ട്രേലിയൻ താരം ജോഷ്വ കാറ്റ്സിനെ 10-0ത്തിനു നിലംപരിശാക്കി ചരിത്ര നേട്ടത്തിലെത്തി. വനിതകളുടെ 57 കിലോ വിഭാഗത്തിലും ഇന്ത്യ നേട്ടം സ്വന്തമാക്കി. ഈയിനത്തില്‍ യാമിനി മൗര്യ വെള്ളി മെഡല്‍ നേട്ടത്തിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates