ദോഹ: ഘാനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിട്ടും പ്രീ ക്വാർട്ടർ കാണാതെ യുറുഗ്വെ പുറത്ത്. പോർച്ചുഗലിനെ ഇഞ്ച്വറി ടൈമിലെ ഗോളിൽ ദക്ഷിണ കൊറിയ അട്ടിമറിച്ചതോടെയാണ് യുറുഗ്വെയുടെ മുന്നോട്ടുള്ള വഴിയടഞ്ഞത്. ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ യുറുഗ്വെ കടക്കുമായിരുന്നു.
കളിയുടെ അവസാനം നിമിഷങ്ങളിൽ കാണികളെ മുൾമുനയിൽ നിർത്തിയാണ് ഘാനയും യുറുഗ്വായും പോരാടിയത്. എന്നാൽ ഇരു ടീമുകളും പ്രീ ക്വാർട്ടർ കാണാതെ പുറത്താകുകയായിരുന്നു. പോർച്ചുഗലിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ദക്ഷിണ കൊറിയ ജയിച്ചത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീ ക്വാർട്ടറിൽ കടന്നു.
ദക്ഷിണ കൊറിയ രണ്ട് ഗോൾ നേടിയ വിവരം അറിഞ്ഞതോടെ ഒരു ഗോൾ കൂടി അടിച്ച് പ്രീ ക്വാർട്ടറിൽ കയറാനുള്ള പരാക്രമമായിരുന്നു യുറുഗ്വെ കളത്തിൽ പുറത്തെടുത്തത്. അതിനിടെ എഡിൻസൻ കവാനിയെ ഘാന താരം ബോക്സിൽ വീഴ്ത്തിയതിന് അവർ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. മത്സര ശേഷം യുറുഗ്വെ താരങ്ങൾ റഫറിമാരുമായി വൻ തർക്കത്തിലും ഏർപ്പെട്ടു.
വിജയം മാത്രം ലക്ഷ്യം കണ്ട് കളത്തിലിറങ്ങിയ യുറുഗ്വെയുടെ മിന്നൽ നീക്കങ്ങൾക്കിടെ പിറന്നത് രണ്ട് ഗോൾ. 26ാം മിനിറ്റിൽ ഡി അരസേറ്റയുടെ ഹെഡ്ഡറിലൂടെയാണ് യുറുഗ്വെ സ്കോർ ബോർഡ് തുറന്നത്. 32ാം മിനിറ്റിൽ രണ്ടാം ഗോളും അരസേറ്റയുടെ കാലിലൂടെ തന്നെ വലയിലെത്തി. ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം കൂടിയായിരുന്നു ഇത്.
കളി ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ പെനാൽറ്റി നശിപ്പിച്ച് ഘാന നിരാശപ്പെടുത്തിയിരുന്നു. 16ാം മിനിറ്റിൽ ഘാനയുടെ ജോർദൻ ആയേവ് പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും ഗോൾ കീപ്പർ തട്ടി മാറ്റി. ഇതിനു പിന്നാലെയുള്ള മുന്നേറ്റം തടയുന്നതിനിടെ ഘാനയുടെ കുഡുസിനെ യുറുഗ്വെ താരം ഗോൾ കീപ്പർ റോഷെറ്റ് തടഞ്ഞിട്ടത് പെനാൽറ്റിക്ക് വഴി തുറന്നു. എന്നാൽ ഘാനയുടെ പെനാൽറ്റി കിക്ക് എടുത്ത ആൻഡ്രെയ്ക്ക് ലക്ഷ്യം നേടാനായില്ല. വളരെ ദുർബലമായ കിക്ക് ഗോൾ കീപ്പർ റോഷെറ്റ് കൈയിൽ ഒതുക്കി.
ആദ്യ പകുതിയിൽ അവസാനിച്ചപ്പോൾ രണ്ട് ഗോൾ നേട്ടവുമായി യുറുഗ്വെ മുന്നിൽ നിന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി പോരാടിയെങ്കിലും ഫലം കണ്ടില്ല. 66ാം മിനിറ്റിൽ സുവാരിസിന് പകരം കവാനിയേയും പെലിസ്ട്രിക്ക് പകരം ഡി ലാ ക്രൂസിനേയും ഇറക്കി കളി മാറ്റാൻ യുറഗ്വെ നീക്കം നടത്തി. അതൊന്നും പിന്നീട് ഫലം കണ്ടില്ല. ഒടുവിൽ ജയിച്ചിട്ടും അവർക്ക് പുറത്തേക്ക് പോകേണ്ടി വന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates