'എന്റെ പ്രതിബദ്ധതയെ അവർ ചോദ്യ മുനയിൽ നിർത്തി, വംശീയ വെറുപ്പ് ഇപ്പോഴും നേരിടുന്നു'

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അവസാന അന്താരാഷ്ട്ര പോരാട്ടമെന്ന് ഉസ്മാന്‍ ഖവാജ
Usman Khawaja announces retirement
Usman Khawajax
Updated on
2 min read

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റും വെറ്ററന്‍ ഓപ്പണറുമായ ഉസ്മാന്‍ ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരം തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടമായിരിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. 2011ല്‍ ടെസ്റ്റില്‍ അരങ്ങേറിയ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് അതേ വേദിയില്‍ അതേ എതിരാളികള്‍ക്കെതിരെ കരിയറിലെ അവസാന പോരാട്ടം അദ്ദേഹം കളിക്കും.

തന്റെ കുടുംബത്തെ ഒപ്പമിരുത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. വിരമിക്കുന്ന കാര്യം സഹ താരങ്ങളെ ഉസ്മാന്‍ ഖവാജ നേരത്തെ തന്നെ അറിയിച്ചിരുന്നു. നടപ്പ് ആഷസ് പരമ്പരയിലുടനീളം 39കാരന്റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായിരുന്നു.

പരമ്പരയുടെ തുടക്കത്തില്‍ പുറംവേദനയെ തുടര്‍ന്നു അദ്ദേഹം ബുദ്ധിമുട്ടിയതും വാര്‍ത്തയായിരുന്നു. ഇതോടെയാണ് വിരമിക്കല്‍ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. കഴിഞ്ഞ നാല് ആഷസ് ടെസ്റ്റുകളില്‍ താരം 5 ഇന്നിങ്‌സുകളാണ് ബാറ്റ് ചെയ്തത്. പതിവ് ഓപ്പണര്‍ സ്ഥാനത്തല്ല ഇറങ്ങിയതും. താരം മധ്യനിരയിലാണ് പരമ്പരയില്‍ ബാറ്റ് ചെയ്തത്.

Usman Khawaja announces retirement
'അവര്‍ അപമാനിച്ചു, ഞാന്‍ ഇറങ്ങി പോന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഓസീസ് ഇതിഹാസം

ആഷസ് പരമ്പര തുടങ്ങിയതിനു പിന്നാലെ തനിക്കു പരിക്കേറ്റിരുന്നുവെന്നു അദ്ദേഹം പറയുന്നു.

'എനിക്കു നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പുറം വേദനയാണ് അനുഭവപ്പെട്ടത്. എന്നാല്‍ എന്റെ പരിക്കിനെ മാധ്യമങ്ങളും മുന്‍ താരങ്ങളും പല വ്യാഖ്യാനങ്ങളും നല്‍കിയാണ് പ്രചരിപ്പിച്ചത്. പ്രകടനത്തിലെ കാര്യങ്ങളായിരുന്നില്ല അവര്‍ സംസാരിച്ചത്. എല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്റെ പ്രതിബദ്ധതയെ അവര്‍ ചോദ്യം ചെയ്തു. വ്യക്തിയെന്ന നിലയില്‍ ജീവിതത്തില്‍ ഉടനീളം അനുഭവിക്കേണ്ടി വന്ന വംശീയമായ വെറുപ്പ് ഞാന്‍ ഈ ഘട്ടത്തിലും നേരിടുന്നു.'

'സാധാരണ ഒരാള്‍ക്ക് പരിക്കേറ്റാല്‍ നിങ്ങള്‍ക്ക് സഹതാപമാണ് അവരോടു തോന്നേണ്ടത്. പാവം ജോഷ് ഹെയ്‌സല്‍വുഡ്, അല്ലെങ്കില്‍ പാവം നതാന്‍ ലിയോണ്‍ എന്നൊക്കെയായിരിക്കും അവര്‍ പറയുന്നത്. എന്നാല്‍ എനിക്കു പരിക്കു പറ്റിയപ്പോള്‍ എന്റെ വിശ്വാസ്യതയെ പോലും തള്ളിപ്പറയുന്ന സ്ഥിതിയാണ് വന്നത്. അതന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ഏറെക്കാലമായി ഞാന്‍ അനുഭവിക്കുന്ന കാര്യം കൂടിയാണിത്'- ഖവാജ വ്യക്തമാക്കി.

Usman Khawaja announces retirement
പന്തിനെ വെട്ടും? ഇഷാനും ജുറേലും റഡാറില്‍; ഇന്ത്യന്‍ ടീം നാളെ

പാകിസ്ഥാനില്‍ ജനിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിച്ച ചരിത്രത്തിലെ ആദ്യ ഇസ്ലാം മത വിശ്വാസിയായ താരമാണ് ഉസ്മാന്‍ ഖവാജ. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഘട്ടങ്ങളില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും പിന്നീട് ഓസീസ് ടെസ്റ്റ് ടീമിലെ നിര്‍ണായക ഘടകമായ ഉസ്മാന്‍ ഖവാജ മാറി. സ്ഥിരതയുള്ള ഓപ്പണറായും ടീമിലെ മുതിര്‍ന്ന താരമെന്ന നിലയിലും പിന്നീട് മികവാര്‍ന്ന കരിയറാണ് ഖവാജ കെട്ടിപ്പൊക്കിയത്. 2023ലെ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നേട്ടത്തില്‍ നിര്‍ണായകമായതും താരം തന്നെ.

നിലവിലെ ആഷസ് പോരാട്ടത്തില്‍ സ്റ്റീവ് സ്മിത്തിനു പരിക്കേറ്റതിനെ തുടര്‍ന്നു താരം മെല്‍ബണില്‍ സ്മിത്തിന്റെ സ്ഥാനത്താണ് ബാറ്റിങിനെത്തിയത്. പൊരുതി നിന്നു താരം 82 റണ്‍സ് നേടുകയും ചെയ്തു. 2025ല്‍ 18 ഇന്നിങ്‌സുകളില്‍ നിന്നായി 614 റണ്‍സാണ് താരം നേടിയത്. ഇതില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരെ നേടിയ ഇരട്ട സെഞ്ച്വറിയും (232) ഉണ്ട്.

ഓസ്‌ട്രേലിയക്കായി 81 ടെസ്റ്റുകളും 40 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 16 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 6206 റണ്‍സ് നേടിയിട്ടുണ്ട്. ശ്രീലങ്കക്കെതിരെ ഈ വര്‍ഷം ആദ്യം നേടിയ 232 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 2 സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 1554 റണ്‍സ്. 104 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഒരു അര്‍ധ സെഞ്ച്വറി. 9 കളിയില്‍ നിന്നു 241 റണ്‍സും നേടി. 58ആണ് ഉയര്‍ന്ന സ്‌കോര്‍.

Summary

Usman Khawaja will retire from international cricket after the Sydney Ashes Test against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com