

ജയ്പുർ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് വണ്ടർ കിഡ് വൈഭവ് സൂര്യവംശി വെറും 29 പന്തുകളിൽ നിന്ന് 97 റൺസ് അടിച്ചുകൂട്ടി ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കൂടി വിസ്മയിപ്പിച്ചിരുന്നു. സൂര്യവംശിക്ക് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് തലനാരിഴയ്ക്കാണ് നഷ്ടമായത്.
യുവതാരത്തിന്റെ അസാധാരണ ബാറ്റിങ് മികവ് കണ്ട ക്രിക്കറ്റ് വിദഗ്ദ്ധർ അദ്ദേഹത്തെ ഡോൺ ബ്രാഡ്മാൻ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ ഇതിഹാസങ്ങളോടാണ് ഉപമിക്കുന്നത്. അതിനിടെ പാകിസ്ഥാൻ ഇതിഹാസ ബാറ്റർ മുഹമ്മദ് യൂസുഫ് സൂര്യവംശിയെ താരതമ്യം ചെയ്തത് ഷാഹിദ് അഫ്രീദിയോടാണ്. എക്സ് അക്കൗണ്ടിലൂടെയാണ് മുഹമ്മദ് യൂസഫിന്റെ താരതമ്യം. എന്നാൽ മുൻ പാക് താരത്തിന്റെ ഈ താരതമ്യത്തെ ഇന്ത്യൻ ആരാധകർ ചോദ്യം ചെയ്ത് രംഗത്തെത്തി.
'15 കാരനായ ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശി എന്നെ ഓർമ്മിപ്പിക്കുന്നത് ഷാഹിദ് അഫ്രീദിയെയാണ് - യുവത്വം നിറഞ്ഞ, ഭയമില്ലാത്ത, സ്ഫോടനാത്മകമായ ബാറ്റിങ് നടത്തുന്ന, ഊർജ്ജസ്വലനായ താരം. ക്രിക്കറ്റിന്റെ ഭാവി ഇതാ ഇവിടെയുണ്ട്!'- എന്നാണ് മുഹമ്മദ് യൂസഫ് കുറിച്ചത്.
സൂര്യവംശിയെപ്പോലെ തന്നെ അഫ്രീദിയും തന്റെ കരിയറിന്റെ തുടക്കകാലത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 1996ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്സിൽ തന്നെ അഫ്രീദി 37 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡ് ഇട്ടിരുന്നു. ഏകദേശം 18 വർഷത്തോളമാണ് ആ റെക്കോർഡ് തകരാതെ നിന്നത്. പിന്നീട് ന്യൂസിലൻഡിന്റെ കൊറി ആൻഡേഴ്സൻ 35 പന്തിലും പിന്നാലെ ദക്ഷിണാഫ്രിക്ക ഇതിഹാസം എബി ഡിവില്ല്യേഴ്സ് 31 പന്തിലും സെഞ്ച്വറി നേടി റെക്കോർഡ് തിരുത്തി.
കരിയറിൽ വൈഭവ് നേരിടുന്ന ഏറ്റവും വലിയ അപമാനമാണ് ഈ താരതമ്യം. അദ്ദേഹം ഉടൻ തന്നെ ഇതിനെ അതിജീവിക്കുമെന്നു വിശ്വസിക്കുന്നു എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. ഒരു താരതമ്യത്തിനും വകുപ്പില്ല. വൈഭവ് വളരെ വളരെ വ്യത്യസ്തതകളുള്ള താരമാണ് എന്നായിരുന്നു മറ്റൊരു കമന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates