

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും ഇതാദ്യമായി ഒരേ സമയം നടക്കുന്നതിനാല്‍, കളിക്കാര്‍ മികച്ച പ്രകടനം നടത്തിയാല്‍ ഐപിഎല്‍ കാണല്‍ മതിയാക്കി പിഎസ്എല്‍ കാണുമെന്ന് പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി. സാധാരണ നിലയില്‍ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയായിരുന്നു പിഎസ്എല്‍. എന്നാല്‍ ഇത്തവണ പാകിസ്ഥാന്‍ ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ഏപ്രില്‍ - മെയ് മാസങ്ങളിലേക്ക് ടൂര്‍ണമെന്റ് മാറ്റുകയായിരുന്നു.
ടി20 ടൂര്‍ണമെന്റില്‍ ലോകത്തെ മികച്ച ഒന്നാണ് ഐപിഎല്‍. അതുകൊണ്ടുതന്നെ കളികാണുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്. ഇത്തവണ ഇരുടൂര്‍ണമെന്റുകളും മുഖാമുഖം വരുമ്പോള്‍ പാക് ലീഗില്‍ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ആരാധകര്‍ പിഎസ്എല്‍ കാണാന്‍ ഇഷ്ടപ്പെടുമെന്ന് കറാച്ചി കിങ്‌സ് പേസര്‍ ഹസന്‍ അലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 'ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് നല്ല ക്രിക്കറ്റാണ്. പിഎസ്എല്ലില്‍ ഞങ്ങള്‍ നന്നായി കളിച്ചാല്‍ അവര്‍ ഐപിഎല്‍ വിട്ട് പിഎസ്എല്‍ കാണാന്‍ എത്തും' ഹസന്‍ പറഞ്ഞു.
സമീപകാലത്തായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ദയനീയമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്‍ ചാംപന്‍മാരായ പാകിസ്ഥാന്‍ അദ്യഘടത്തില്‍ തന്നെ പുറത്തായി. തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ഏകദിന ലോകകപ്പും ടി20 ലോകകപ്പും ലക്ഷ്യമിട്ട് റിസ് വാന്റെ നേതൃത്വത്തില്‍ യുവനിരയെ പാക് ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഈ ടീമിനും പാകിസ്ഥാനെ വിജയവഴിയിലെത്തിക്കാനായില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് ടി20 മത്സരങ്ങളില്‍ പാകിസ്ഥാന്‍ 4-1ന് പരാജയപ്പെട്ടിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളില്‍ ഒറ്റ ജയം പോലും നേടാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല.
പാകിസ്ഥാന്‍ ടീമിന്റെ ദയനീയപ്രകടനവും പിഎസ്എല്ലിനെ ബാധിക്കുമെന്നും ഹസന്‍ അലി പറഞ്ഞു. പാക് ടീം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അത് പിഎസ്എല്ലിന്റെ ഗ്രാഫും ഉയര്‍ത്തും. നിലവിലെ ടീമിന്റെ പ്രകടനം മികച്ചതല്ല. പുതിയ മാറ്റം പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. എവിടെയാണ് പിഴവുണ്ടായതെന്നും തിരത്തേണ്ടത് എവിടെയാണന്നും പുതിയ താരങ്ങള്‍ക്ക് അറിയാമെന്നും ഹസന്‍ അലി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates