

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലിയുടെ ഓട്ടോഗ്രാഫ് കിട്ടാത്തതിന്റെ സങ്കടത്തിൽ ബാറ്റ് വലിച്ചെറിഞ്ഞു പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകൻ. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കുട്ടി ആരാധകനെ ആശ്വസിപ്പിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ഹോട്ടലിലൂടെ കോഹ്‍ലി തിരക്കിട്ട് നടന്നു പോകുന്നതിനിടെയാണ് കുട്ടി ആരാധകൻ ഓട്ടോഗ്രാഫ് കിട്ടാനായി ബാറ്റുമായി പിന്നാലെ പോയത്. എന്നാൽ വേഗത്തിൽ നടന്നു പോയ കോഹ്‍ലി കുട്ടിയെ കണ്ടില്ല. കുഞ്ഞ് ആരാധകൻ ബാറ്റുയർത്തിയും മറ്റും ശ്രദ്ധ പിടിക്കാൻ നോക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഹോട്ടൽ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട്.
കുറച്ചു നേരം അഭ്യർഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതായതോടെ കുട്ടി സങ്കടത്തോടെ തിരികെ നടന്നു. അതിനിടെ അവൻ ബാറ്റ് വലിച്ചെറിഞ്ഞു പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുന്നതും വിഡിയോയിൽ കാണാം.
ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ 11 റൺസിലെത്തിയപ്പോൾ ഐപിഎല്ലില്‍ 9,000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി കോഹ്‌ലി മാറിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ 8,000 റണ്‍സ് ആദ്യമായി നേടിയ താരമെന്ന ചരിത്ര നേട്ടവും നേരത്തെ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് 9,000ത്തിന്റെ നാഴികക്കല്ലും താണ്ടിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഈ അനുപമ റെക്കോര്‍ഡിലേക്ക് 11 റണ്‍സായിരുന്നു കോഹ്‌ലിക്കു വേണ്ടിയിരുന്നത്. 15 പന്തില്‍ പുറത്താകാതെ 2 സിക്‌സും ഒരു ഫോറും സഹിതം കോഹ്‌ലി 23 റണ്‍സെടുത്താണ് സൂപ്പർ താരം നേട്ടത്തിലെത്തിയത്. 275 മത്സരങ്ങളില്‍ നിന്നു 267 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി ചരിത്രമെഴുതിയത്. ആവറേജ് 39.95, സ്‌ട്രൈക്ക് റേറ്റ് 133.76. 8 സെഞ്ച്വറികളും 66 അര്‍ധ സെഞ്ച്വറികളും ഐപിഎല്ലില്‍ കോഹ്‌ലിയ്ക്കുണ്ട്. 113 നോട്ടൗട്ടാണ് മികച്ച പ്രകടനം.
പഞ്ചാബിനെതിരെ 264 റൺസടിച്ച ഡൽഹിയെ വെറും 75 റൺസിൽ ഓൾ ഔട്ടാക്കി ഇന്നലെ ആർസിബി തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഡൽഹിയെ 9 വിക്കറ്റിനാണ് അവർ തവിടുപൊടിയാക്കിയത്. ഡൽഹി ഉയർത്തിയ 76 റൺസ് എന്ന വിജയലക്ഷ്യം വെറും 6.3 ഓവറിലാണ് ബംഗളുരു മറികടന്നത്. ഡൽഹിയുടെ ബാറ്റിങ് നിരയെ ചുരുട്ടികെട്ടിയ ജോഷ് ഹെയ്‌സല്‍വുഡാണ് കളിയിലെ താരം.
നിലവിലെ ചാംപ്യൻമാരായ ആർസിബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി രണ്ടാം സ്ഥാനത്ത് കുതിക്കുകയാണ്. 8 മത്സരങ്ങളിൽ ആറ് മത്സരങ്ങൾ ജയിച്ച് അവർ 12 പോയിന്റുമായാണ് നിൽക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates