

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നഷ്ടമായെങ്കിലും റെക്കോർഡ് തിരുത്തുന്ന പതിവ് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലി തെറ്റിച്ചില്ല. സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും കോഹ്‍ലി സ്വന്തം പേരിലാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി കോഹ്‍ലിയുടെ പേരിൽ. 624 ഇന്നിങ്സുകൾ കളിച്ചാണ് കോഹ്‍ലി നേട്ടത്തിലെത്തിയത്. സച്ചിൻ 644 മത്സരങ്ങൾ കളിച്ചാണ് 28,000ത്തിൽ എത്തിയത്. ഒന്നാം ഏകദിനത്തിനു ഇറങ്ങുമ്പോൾ 27,975 റൺസായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. 25 റൺസ് നേടിയപ്പോൾ തന്നെ താരം റെക്കോർഡും സ്വന്തമാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്‍ലി. സച്ചിനും കോഹ്‍ലിക്കും പുറമേ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകൾ കളിച്ചാണ് സംഗക്കാര 28,000 റൺസിലെത്തിയത്.
മത്സരത്തിൽ 91 പന്തുകൾ നേരിട്ട കോഹ്‍ലി 93 റൺസടിച്ചാണു പുറത്തായത്. മത്സരത്തിന്റെ 39 ഓവറിൽ കൈൽ ജാമിസന്റെ പന്തിലാണ് കോഹ്‍ലിയുടെ മടക്കം. മിഡ് ഓഫിൽ കോഹ്‍ലിയെ മിച്ചൽ ബ്രേസ്‌വെൽ ക്യാച്ചെടുത്തു മടക്കുകയായിരുന്നു.
പുരുഷ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കോഹ്‍ലിയാണ്. 28,068 റൺസുമായാണ് കോഹ്‍ലില രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 34,357 റൺസുമായി സച്ചിൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 28,016 റൺസ് നേടിയ കുമാർ സംഗക്കാരയെ കോഹ്‍ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.
37 കാരനായ കോഹ്‍ലി ഏകദിനത്തിൽ 309 ഉം, ടി20യിൽ 125 ഉം ടെസ്റ്റിൽ 123 ഉം മത്സരങ്ങളാണ് കരിയറിൽ ഇതുവരെ കളിച്ചത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്നു വിരമിച്ച കോഹ്‍ലി ഏകദിന ഫോർമാറ്റിൽ മാത്രമാണു നിലവിൽ കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കാനാണ് കോഹ്ലി ആഗ്രഹിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates