ഏകദിന ചരിത്രത്തിൽ തന്നെ ആദ്യം! റെക്കോർഡിൽ 'കിങ് കോഹ്‌ലി'

കാര്യവട്ടത്ത് റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് വിരാട് കോഹ്‌ലി
Virat Kohli celebrate century
Virat Kohli Creates Historyx
Updated on: 
1 min read

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിടിലന്‍ സെഞ്ച്വറി തൂക്കി കളം വാണ ഇതിഹാസ താരം വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ ഇതുവരെ ആര്‍ക്കും ഇല്ലാത്ത ഒരു അപൂര്‍വ റെക്കോര്‍ഡും എഴുതി ചേര്‍ത്തു. ഹോം പോരാട്ടത്തില്‍ (ഇന്ത്യന്‍ പിച്ചുകളില്‍) ഏകദിന ഫോര്‍മാറ്റില്‍ 7,000 റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി കോഹ്ലി മാറി.

വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ കോഹ്ലിക്ക് ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ 133 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. മത്സരത്തില്‍ 88 പന്തില്‍ 139 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്ലി ഇന്ത്യന്‍ മണ്ണില്‍ 131ാം മത്സരം കളിച്ചാണ് റെക്കോര്‍ഡിലെത്തിയത്. നിലവില്‍ ഹോമില്‍ കോഹ്ലിക്ക് 7,006 റണ്‍സുണ്ട്.

ഈ റെക്കോര്‍ഡിലും സച്ചിനെയാണ് കോഹ്ലി മറികടന്നത്. ഹോമില്‍ സച്ചിന്റെ നേട്ടം 6,976 റണ്‍സാണ്. 164 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ് ഹോം പിച്ചുകളില്‍ നിന്നു സച്ചിന്‍ അടിച്ചെടുത്തത്.

ഹോമില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

വിരാട് കോഹ്ലി: 7,006 റണ്‍സ്, 131 മത്സരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍: 6,976 റണ്‍സ്, 164 മത്സരങ്ങള്‍

റിക്കി പോണ്ടിങ്: 5,406 റണ്‍സ്, 153 മത്സരങ്ങള്‍

രോഹിത് ശര്‍മ: 5,249 റണ്‍സ്, 104 മത്സരങ്ങള്‍

ജാക്വിസ് കാലിസ്: 5,178 റണ്‍സ്, 142 മത്സരങ്ങള്‍

അസ്ഹറുദ്ദീനേയും മറികടന്നു

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ 28 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡും കോഹ്ലി മത്സരത്തിനിറങ്ങി മറികടന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് 44ാം മത്സരമാണ് വിന്‍ഡീസിനെതിരെ കോഹ്ലി കളിച്ചത്. അസ്ഹര്‍ 43 മത്സരങ്ങളാണ് കരീബിയന്‍ സംഘത്തിനെതിരെ കളിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവ് 42 മത്സരങ്ങള്‍, രാഹുല്‍ ദ്രാവിഡ് 40 മത്സരങ്ങള്‍, എംഎസ് ധോനി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ 39 മത്സരങ്ങള്‍ വീതവുമാണ് വിന്‍ഡീസിനെതിരെ കളിച്ചത്.

15,000 റണ്‍സ്

74 പന്തുകളിലാണ് വിരാട് കോഹ്ലി തന്റെ 55-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരിലാക്കിയിരുന്നു. 315 മത്സരങ്ങളില്‍ നിന്നാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കി കോഹ്ലി ഈ നേട്ടം കൈവരിച്ചത്.

മത്സരത്തിന് ഇറങ്ങുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്ലിക്ക് 59 റണ്‍സ് കൂടിയാണ് ആവശ്യമുണ്ടായിരുന്നത്. സച്ചിനു ശേഷം ഏകദിനത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് കോഹ്ലി. സച്ചിന്‍ 377 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കില്‍ 303 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. 88 പന്തുകളില്‍ നിന്ന് 139 റണ്‍സ് അടിച്ചുകൂട്ടിയ താരം പുറത്താകാതെ നിന്നു. 10 ഫോറും 9 സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

Summary

Legendary Indian cricketer Virat Kohli became the first player in history to reach 7,000 runs in home One-Day Internationals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com