

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരമാണ് മുൻ നായകൻ വിരാട് കോഹ്‍ലി. പ്രിയപ്പെട്ട ഫോർമാറ്റിൽ വീണ്ടും ഇന്ത്യക്കായി ഇറങ്ങുമ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാൻ താൻ മാനസികമായി ഉറപ്പിച്ചിരിക്കുകയാണെന്നു കോഹ്‍ലി പറയുന്നു. ഇന്നിങ്സ് പതുക്കെ കെട്ടിപ്പടുത്ത് പിന്നീട് ആക്രമിച്ചു കളിക്കുന്ന തന്റെ സ്വാഭാവിക ശൈലി നിലനിർത്തി കൂടുതൽ സ്വതന്ത്രനായി ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.
മിന്നും ഫോമിലാണ് കോഹ്‍ലി നിലവിൽ ബാറ്റ് വീശുന്നത്. കഴിഞ്ഞ 10 ഏകദിനങ്ങളിൽ മൂന്ന് സെഞ്ച്വറികളും ഒരു 90ന് മുകളിൽ സ്കോറും 4 അർധ സെഞ്ച്വറികളും ഇതിലുണ്ട്. തന്റെ റോൾ വലിയ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന കോഹ്‍ലിയെയാണ് നിലവിൽ ആരാധകർ ക്രീസിൽ കാണുന്നത്. വിൻഡീസിനെതിരായ പോരാട്ടത്തിനു മുന്നോടിയായി ജിയോ സ്റ്റാറിനോട് സംസാരിക്കവെയാണ് തന്റെ പുതിയ ബാറ്റിങ് സമീപനത്തെക്കുറിച്ച് കോഹ്‍ലി മനസ് തുറന്നത്.
'എന്റെ സമീപനത്തിൽ വന്ന പ്രധാന മാറ്റം ഞാൻ കൂടുതൽ സ്വനന്ത്രമായി കളിക്കുമെന്നു എനിക്കു തന്നെ വാക്ക് നൽകി എന്നതാണ്. ആളുകളുടെ പ്രതീക്ഷകളെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. വളരെക്കാലമായി ഇന്നിങ്സ് സ്ഥിരതയുള്ളതാക്കുക എന്നതാണ് എന്റെ പ്രധാന ചുമതല.'
'എനിക്ക് വലിയ ഷോട്ടുകൾ കളിക്കാൻ അറിയാം. അതിനുള്ള ശേഷിയുമുണ്ട്. എന്നാൽ വിഷമകരമായ സാഹചര്യങ്ങളിലും കഠിനമായ പിച്ചുകളിലും കളിക്കുമ്പോൾ ആക്രമിക്കാൻ തോന്നിയാലും എന്റെ റോൾ നിറവേറ്റാൻ ഞാൻ നിർബന്ധിതനാകാറുണ്ട്.'
'ക്രീസിൽ സെറ്റായാൽ ടീമിനായി നിർണായക സംഭാവന നൽകാൻ ബോധപൂർവമായ ശ്രമം ഞാൻ നടത്തുന്നുണ്ട്. അതിലൂടെ 30-40 റൺസ് അധികമായി നേടാൻ സാധിക്കും. തുടക്കത്തിൽ റിസ്ക് എടുക്കാതിരിക്കുന്നത് പിന്നീട് വേഗം കൂട്ടാനാണെന്നു എനിക്കു ബോധ്യമുണ്ട്.'
ഗില്ലിന്റെ നായകത്വം
'ക്യാപ്റ്റൻ എന്ന നിലയിൽ ശുഭ്മൻ ഗിൽ ഇപ്പോഴും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചുമതലയിൽ അദ്ദേഹം തുടക്കക്കാരനാണ്. ഇന്ത്യൻ ടീമിനെ നയിക്കാൻ ആവശ്യമായ ശരിയായ കാഴ്ചപ്പാടും വീര്യവും അദ്ദേഹത്തിനുണ്ട്.'
'ഹോം ഗ്രൗണ്ടുകളിൽ ടീം എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് ഗില്ലിന് വ്യക്തമായ പദ്ധതികളുണ്ട്. കൂടുതൽ മത്സര പരിചയവും സാഹചര്യങ്ങളെക്കുറിച്ചുള്ള ധാരണയും ലഭിക്കുന്നതോടെ തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെടും. നായക സ്ഥാനത്തുള്ള ഏതൊരു താരവും അങ്ങനെ തന്നെയാണ് മുന്നേറുന്നത്.'
'ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ശരിയായ രീതിയിൽ നയിക്കണമെന്ന ആഗ്രഹമുള്ള ആളാണ് ഗിൽ. അതാണ് ഏറ്റവും പ്രധാനം. അതിനാൽ അദ്ദേഹം നീണ്ട കാലയളവ് ടീമിനെ നയിക്കുമെന്നു ഞാൻ കരുതുന്നു. അദ്ദേഹം മികവോടെ തന്നെ അത് നിർവഹിക്കും'- കോഹ്‍ലി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates