38 നോട്ടൗട്ട്; "ചിയേഴ്‌സ്... ചെയ്‌സ് മാസ്റ്റര്‍..."

ഇതിഹാസതാരം വിരാട് കോഹ്ലി തന്റെ 38ാം പിറന്നാള്‍ നിറവില്‍
VIRAT KOHLI
VIRAT KOHLI
Updated on: 
2 min read

ഡല്‍ഹി: പ്രായത്തേക്കാള്‍ വേഗത്തില്‍ റെക്കോര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രയാണം തുടരുകയാണ് ക്രിക്കറ്റിന്റെ രാജാവ്, 'കിംഗ് കോഹ്ലി...' തന്റെ 38ാം പിറന്നാള്‍ ദിനത്തിന്റെ തലേന്നാളും അത്തരത്തില്‍ ഒരു തിരുത്തലുകള്‍ കോഹ്ലി നടത്തി. ഓക്‌ലന്റില്‍ ന്യൂസിലാണ്ടിനെതിരെ 54 പന്തില്‍ 74 റണ്‍സെടുത്ത കോഹ്ലി, ഏകദിന കരിയറിലെ 80ാം അര്‍ധശതകം പിന്നിട്ടെന്ന് മാത്രമല്ല, 3ാം നമ്പറില്‍ ഇറങ്ങി 13,000 റണ്‍സെടുക്കുന്ന ആദ്യ ബാറ്റര്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

'മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ, ചാമ്പ്! 37ാം വര്‍ഷത്തിന്റെ അവസാന മണിക്കൂറുകളിലെ ഒരു മികച്ച പ്രദര്‍ശനം. നിങ്ങളുടെ ഈണം പാടിക്കൊണ്ടിരിക്കൂ..' എന്ന് മത്സരത്തില്‍ കമന്റേറ്ററായ, ഇന്ത്യയുടെ മുന്‍ പരിശീലകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഫീല്‍ഡിംഗിനിടെ ഗാലറിയില്‍ നിന്ന് 'ഹാപ്പി ബെര്‍ത്ത് ഡേ കോഹ്ലീ...' ആശംസകള്‍ മുഴങ്ങി.

VIRAT KOHLI
ഒരേയൊരു കോഹ്ലി, ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം; വണ്‍ ഡൗണില്‍ 13,000 റണ്‍സ്!

അണ്ടര്‍ 19 ലോക കിരീടം നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെന്ന ചോക്ലേറ്റ് ബോയില്‍ നിന്ന് ഒട്ടേറെ വ്യത്യാസമുണ്ട് ഇപ്പോഴത്തെ ക്ലാസിക് വിരാട് കോഹ്ലിക്ക്. സച്ചിന്‍ ടെണ്ടുല്‍ക്കറിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച അതുല്യ ബാറ്റിംഗ് പ്രതിഭ. ക്രീസില്‍ തന്റേതായ സാമ്രാജ്യം തീര്‍ത്ത്, എതിര്‍ ബോളര്‍മാരെ അടിച്ചു വീഴ്ത്തുന്ന രാജാവ്. സാങ്കേതിക വൈദഗ്ധ്യം, ശാരീരിക ക്ഷമത, മാനസിക ദൃഢത, ഉയര്‍ന്ന ബാക് ലിഫ്റ്റ്, ഫുള്‍ ഫോളോ ത്രൂ, കൃത്യതയുള്ളതും കണക്കുകൂട്ടിയുള്ളതുമായ ചുവടുകള്‍ ഇതെല്ലാം ചേര്‍ന്നാല്‍ കോഹ്ലിയായി.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമി എന്ന വിശേഷണം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണ് കോഹ്ലി. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ സച്ചിന്‍ കുറിച്ച 8720 റണ്‍സ് എന്ന റെക്കോര്‍ഡ് ചെറുപ്രായത്തില്‍ അദ്ദേഹം മറികടന്നു. തിരുത്താന്‍ കണക്ക് ബുക്കില്‍ ഇനിയും റെക്കോര്‍ഡുകള്‍ ബാക്കി. 1988 നവംബര്‍ 5ന് ഡല്‍ഹിയില്‍ ജനിച്ച കോഹ്ലി മലേഷ്യയില്‍ 2008ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച് കിരീടം നേടിയപ്പോഴാണ് ഈ ക്രിക്കറ്റ് പ്രതിഭയെ സത്യത്തില്‍ എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. തുടുത്ത കവിളുകളുള്ള പൊടിമീശക്കാരനെക്കാള്‍ ശാരീരിക ക്ഷമതയുള്ള ചടുല നീക്കങ്ങളുമായി കളം നിറയുന്ന കോഹ്ലിയെ പിന്നീട് ആരാധകര്‍ നെഞ്ചേറ്റുകയായിരുന്നു.

VIRAT KOHLI
പ്രായത്തെ വെല്ലും യൗവനം; ഫീല്‍ഡില്‍ വിസ്മയം തീര്‍ത്ത് രോഹിതും കോഹ്ലിയും -വിഡിയോ

ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ എന്ന സച്ചിന്റെ മറി കടന്ന കോഹ്ലി ഇപ്പോള്‍ 55 സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിന് ഉടമ. ടെസ്റ്റ് ക്രിക്കറ്റില്‍ 9239 റണ്‍സും 30 സെഞ്ച്വറികളും ട്വന്റി ട്വന്റിയില്‍ 4288 റണ്‍സും ഒരു സെഞ്ച്വറിയും. മൂന്ന് ഫോര്‍മാറ്റുകളിലുമായി 86 സെഞ്ച്വറികള്‍. മുന്നില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ മാത്രം. 2011ലെ ലോകകപ്പ് ജയിച്ച ടീമില്‍ അംഗം. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയം. 2024ലെ ലോകകപ്പ് ഫൈനലിലെ നിര്‍ണ്ണായക ഇന്നിംഗ്‌സിലൂടെ ഇന്ത്യയുടെ വിജയ ശില്‍പി. 2025ലെ ചാമ്പ്യന്‍സ്‌ട്രോഫി വിജയം.. അങ്ങിനെ 'വീര വിരാടാ' തലക്കെട്ടുകള്‍ നിരത്തിയ നിരവധി സന്ദര്‍ഭങ്ങള്‍... 2027ല്‍ വീണ്ടുമൊരു ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ക്രിക്കറ്റിന്റെ ഈ രാജാവിലേക്ക് തന്നെയാണ്...!!!

Summary

Virat Kohli turns 38

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER