

ധരംശാല: ഐപിഎല്ലിൽ നിർണായക ക്വാളിഫർ ഒന്ന് പോരാട്ടം നാളെ നടക്കാനിരിക്കെ ഇന്ത്യൻ ടീമിലെ സൂപ്പർ താരവും ഭാവിയിലെ പോസ്റ്റർ ബോയിയും കണ്ടുമുട്ടിയ നിമിഷം സമൂഹ മാധ്യമങ്ങളിൽ വൈറൽ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോഹ്‍ലിയും ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലുമാണ് മത്സരത്തിനു മുൻപ് കണ്ടുമുട്ടിയത്. മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനായി എത്തിയപ്പോഴാണ് ഇരുവരും ഒരുമിച്ചുള്ള സൗഹൃദ നിമിഷങ്ങൾ പിറന്നത്. നാളെ നിലവിലെ ചാംപ്യൻമാരായ ആർസിബിയും മുൻ ചാംപ്യൻമാരായ ഗുജറാത്തും ക്വാളിഫയർ ഒന്നിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഇരുവരുടേയും ഒത്തുചേരൽ.
തമ്മിൽ കണ്ടയുടനെ ഇരുവരും പുഞ്ചിരിച്ചു. പരസ്പരം ഹസ്തദാനം ചെയ്തു കെട്ടിപ്പിടിച്ചു. ഈ വിഡിയോയെ കൂടുതൽ കൗതുകമാക്കുന്നത് കോഹ്‍ലിയുടെ കുസൃതി നിറഞ്ഞ പെരുമാറ്റമാണ്. മുൻ ആർസിബി നായകൻ ഗില്ലിന്റെ കവിളിൽ തൊടുന്നതും താടിയെക്കുറിച്ച് പറഞ്ഞ് കളിയാക്കുന്നതു പോലെയും ദൃശ്യങ്ങളിൽ കാണാം. ഇത് ഇരുവർക്കുമൊപ്പമുണ്ടായിരുന്ന സഹ താരങ്ങളിലും സപ്പോർട്ട് സ്റ്റാഫുകളിലും ചിരി പടർത്തി. ഈ ദൃശ്യങ്ങൾ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. സീസണിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ എന്നാണ് ആരാധകരെ സൂപ്പർ താരങ്ങളുടെ കണ്ടുമുട്ടൽ നിമിഷങ്ങളെ വിശേഷിപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച രീതിയിൽ മത്സരങ്ങൾ ജയിച്ചു വന്ന ടീമുകളാണ് ആർസിബിയും ഗുജറാത്തും. 14 മത്സരങ്ങളിൽ നിന്നു ഇരു ടീമുകളും 18 പോയിന്റുകൾ നേടി. നെറ്റ്റൺറേറ്റ് ബലത്തിലാണ് ആർസിബി ഒന്നാം സ്ഥാനക്കാരായത്. ഗുജറാത്ത് രണ്ടാം സ്ഥാനത്തും.
ബാറ്റിങും ബൗളിങും സന്തുലിതമായാണ് ഇത്തവണ ആർസിബി കളിച്ചത്. ആ മികവ് ആർവർത്തിച്ച് നാളെ വിജയം സ്വന്തമാക്കി നേരിട്ട് ഫൈനലുറപ്പിക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ഒപ്പം തുടരെ രണ്ടാം കിരീടമെന്ന അപൂർവതയും അവർ പ്രതീക്ഷിക്കുന്നു. ബാറ്റിങിൽ കോഹ്‍ലിയുടെ സ്ഥിരത തന്നെയാണ് ആർസിബിയെ അപകടകാരികളാക്കുന്നത്. ഒപ്പം ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ ദ്വയത്തിന്റെ പേസ് ബൗളിങും അവർക്ക് മുൻതൂക്കം നൽകുന്നു.
മറുവശത്ത് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ജിടിയുടെ കരുത്ത്. ഗിൽ ശാന്തമായി മുന്നിൽ നിന്നു നയിക്കുന്നു. നായകനും സായ് സുദർശനും ചേർന്ന ഓപ്പണിങ് ഏത് ബൗളിങ് നിരയ്ക്കും ഇത്തവണയും തലവേദയനാണ്. അതു കളത്തിൽ ആരാധകരും എതിരാളികളും ശരിക്കും കണ്ടു. മൂന്നാം സ്ഥാനത്തെത്തുന്ന ജോസ് ബട്ലറും മികച്ച സംഭാവന നൽകുന്നു. ടോപ്പ് ഓർഡ് സുഭദ്രമെന്നു സാരം. മുഹമ്മദ് സിറാജ്, കഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ എന്നിവരടങ്ങിയ പേസ്- സ്പിൻ കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ പ്ലസ് പോയിന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates