

ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെ അംപയർ ഔട്ട് വിളിക്കും മുൻപ് ക്രീസ് വിട്ട് പവലിയനിലേക്ക് മടങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷന്റെ നടപടി വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിഷയത്തിൽ ഇപ്പോൾ താരത്തെ പരിഹസിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസവുമായ വിരേന്ദർ സെവാഗ്.
അംപയർ വൈഡ് വിളിച്ച പന്തിലാണ് ഇഷാൻ സ്വയം ഔട്ട് വരിച്ച് മടങ്ങിയത്. റിപ്ലേയിൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്നു വ്യക്തമാകുകയും ചെയ്തിരുന്നു. ഇഷാൻ മടങ്ങുന്നത് കണ്ടതോടെ അംപയർ സംശയിച്ച് സംശയിച്ചാണ് ഔട്ട് വിളിച്ചത്. മൊത്തം ആശയക്കുഴപ്പമാണ് ഗ്രൗണ്ടിലുണ്ടായത്.
പിന്നാലെയാണ് സെവാഗിന്റെ പരിഹാസം. അംപയർമാർ ശമ്പളം വാങ്ങുന്നവരാണെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും സെവാഗ് പരിഹസിച്ചു.
'മനസ് കൈവിട്ടു പോകുന്ന നിമിഷമാണ് അത്. മനസ് ആ ഘട്ടത്തിൽ ശൂന്യമായി നിൽക്കുന്നതും സ്വഭാവികമായിരിക്കും. ആ സമയത്ത് ചെയ്യാവുന്ന കാര്യം കുറച്ചു നേരത്തേക്ക് ശാന്തമായി അംപയറിന്റെ തീരുമാനത്തിനു കാത്തിരിക്കുക എന്നതാണ്. അംപയർമാരും ശമ്പളം വാങ്ങുന്നുണ്ട്. അവർ അവരുടെ ജോലി ചെയ്യട്ടെ.'
'പക്ഷേ ഇഷാൻ ഇത്ര സത്യസന്ധത കാണിച്ചതിന്റെ കാര്യം എനിക്കു മനസിലാകുന്നില്ല. പന്ത് ബാറ്റിൽ തട്ടിയതിനാലാണ് അദ്ദേഹം മടങ്ങിയതെങ്കിൽ അതു മനസിലാക്കാം. അത് ശരിയായ സ്പോർട്സ് മാൻ സ്പിരിറ്റാണ്. എന്നാൽ പന്ത് ബാറ്റിൽ തൊട്ടിട്ടില്ല. അംപയർക്കും ഉറപ്പുണ്ടായിരുന്നില്ല. അപ്പോഴേക്കും ഇഷാൻ പവലിയനിലേക്ക് നടക്കാൻ തുടങ്ങിയിരുന്നു'- സെവാഗ് വ്യക്തമാക്കി.
മത്സരത്തിൽ വൺ ഡൗണായാണ് ഇഷാൻ ക്രീസിലെത്തിയത്. താരം 4 പന്തിൽ 1 റൺസുമായി മടങ്ങി. പിന്നാലെ എസ്ആർഎച് തകർച്ചയേയും നേരിട്ടു. ദീപക് ചഹർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് നാടകീയ സംഭവങ്ങൾ. ലെഗ് സൈഡിലേക്ക് വന്ന പന്ത് താരം ബാറ്റ് ഉപയോഗിച്ചു പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിൽ പന്ത് ബാറ്റിൽ തട്ടാതെ കീപ്പറുടെ കൈയിലേക്ക്.
ഈ ഘട്ടത്തിൽ മംബൈ താരങ്ങൾ അപ്പീലും ചെയ്തിരുന്നില്ല. എന്നാൽ ഇഷാൻ മടങ്ങുകയായിരുന്നു. ഈ സമയത്ത് അംപയർ വിനോദ് ശേഷൻ വൈഡ് വിളിച്ചു. എന്നാൽ ഇഷാൻ ഔട്ടാണെന്നു ധരിച്ചു മടങ്ങിയതോടെ അംപയർ ഔട്ടും വിളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
