

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിന്റെ 50 വാർഷികത്തിൽ വേറിട്ട ചടങ്ങിലൂടെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിനകത്ത് വ്യാഴാഴ്ച ക്രിക്കറ്റ് പന്തുകൾ ഉപയോഗിച്ചു എഴുതിയ 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് വാംഖഡെ സ്റ്റേഡിയം' എന്ന വാചകത്തിലൂടെയാണ് റെക്കോർഡ് നേട്ടം. ക്രിക്കറ്റ് പന്ത് ഉപയോഗിച്ച് സൃഷ്ടിച്ച ഏറ്റവും വലിയ വാചകമെന്ന അപൂർവ റെക്കോർഡാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്വന്തമാക്കിയത്.
14,505 ക്രിക്കറ്റ് പന്തുകൾ ഉപയോഗിച്ചാണ് മൈതാനത്ത് വാക്യം തയ്യാറാക്കിയത്. പരിമിത ഓവർ ക്രിക്കറ്റിനു ഉപയോഗിക്കുന്ന വെളുത്ത പന്തും ടെസ്റ്റ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ചുവന്ന പന്തും വാക്യമുണ്ടാക്കാനായി മൈതാനത്ത് നിരത്തി.
ഇന്ത്യൻ ക്രിക്കറ്റിനു കനപ്പെട്ട സംഭാവനകൾ നൽകിയ സച്ചിനും ഗാവസ്കറും ഉൾപ്പെടെ നിരവധി ഇതിഹാസങ്ങളുടെ ഹോം ഗ്രൗണ്ട് കൂടിയാണ് വാംഖഡെ. 2011ൽ ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് ഉയർത്തിയതും വാംഖഡെയിലാണ്.
1975 ജനുവരി 23നു ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പോരാട്ടമാണ് ഈ മൈതാനത്ത് അരങ്ങേറിയ ആദ്യ ക്രിക്കറ്റ് മത്സരം. വാക്യം തയ്യാറാക്കാനായി ഉപയോഗിച്ച പന്തുകൾ മുംബൈയിലെ ക്രിക്കറ്റ് ക്ലബുകൾക്കും സ്കൂളുകൾക്കും നൽകുമെന്നു അസോസിയേഷൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
