
തിരുവനന്തപുരം: രഞ്ജി ട്രോഫി പോരാട്ടത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ലീഡിനായി പൊരുതുന്നു. മധ്യപ്രദേശിനെ 160 റണ്‍സില്‍ ഒതുക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കേരളം ആദ്യ ദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയില്‍.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ് കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്നു കേരളത്തിനു മികച്ച തുടക്കമാണ് നല്‍കിയത്. 54 പന്തുകളാണ് ആദ്യ ദിനത്തില്‍ ഇരുവരും നേരിട്ടത്. അക്ഷയ് 22 റണ്‍സും രോഹന്‍ 25 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു.
നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ മധ്യപ്രദേശിനെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. താരം 15 ഓവറില്‍ 44 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ എന്‍പി, ആദിത്യ സാര്‍വതെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് ജലജ് സക്‌സേന നേടി.
മധ്യപ്രദേശിനായി ക്യാപ്റ്റന്‍ ശുഭം ശര്‍മയാണ് ടോപ് സ്‌കോററായത്. താരം 54 റണ്‍സെടുത്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം വെങ്കടേഷ് അയ്യരാണ് പൊരുതിയ മറ്റൊരാള്‍. താരം 42 റണ്‍സെടുത്തു. ആവേശ് ഖാന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. രജത് പടിദാര്‍ പൂജ്യത്തില്‍ മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക