

വാംഖഡെ: അട്ടിമറി വീരന്‍മാരായ സിംബാബ്വെ ബൗളിങ് നിരയെ അടിച്ചു പറത്തി വാംഖഡെയില്‍ കരീബിയന്‍ പവര്‍ ഗെയിമിന്റെ തീയാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി. വിന്‍ഡീസ് സംഘത്തിന്റെ കടന്നാക്രമണം സിംബാബ്‌വെയുടെ കണക്കുകള്‍ക്ക് അപ്പുറത്തായി. നിശ്ചിത ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 254 റണ്‍സ്. 19 കൂറ്റന്‍ സിക്‌സുകളാണ് വാംഖഡെ മൈതാനത്തിന്റെ മുക്കിലും മൂലയിലും എത്തിയത്. വിന്‍ഡീസിനായി കളത്തിലെത്തിയ 8 ബാറ്റര്‍മാരില്‍ 6 പേരും സിക്‌സടിച്ചു.
ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ വാംഖഡെ മൈതാനം വാണു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടക്കമിട്ട മിന്നലാക്രമണം പിന്നാലെ വന്ന വിന്‍ഡീസ് ബാറ്റര്‍മാരും ഏറ്റുപിടിച്ചതോടെയാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ടീം ടോട്ടലും പിറന്നത്. 2007ലെ പ്രഥമ ലോകകപ്പില്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിന്‍ഡീസിനു സാധിച്ചില്ല.
19 പന്തില്‍ ഹെറ്റ്മെയര്‍ 53 റണ്‍സ് അടിച്ചു. 5 സിക്സും 4 ഫോറും സഹിതമാണ് താരം കത്തിക്കയറിയത്. ടി20 ലോകകപ്പില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് ഹെറ്റ്മെയര്‍ വിഖ്യാത മൈതാനത്ത് കത്തിജ്വലിച്ചത്.
രണ്ട് തവണ പുറത്താകലില്‍ നിന്നു അതിനിടെ ഹെറ്റ്‌മെയര്‍ രക്ഷപ്പെട്ടിരുന്നു. വലിയ വിലയാണ് സിംബാബ്‌വെ ആ ക്യാച്ച് നഷ്ടങ്ങള്‍ക്ക് നല്‍കേണ്ടി വന്നത്.
റോവ്മാന്‍ പവല്‍ ഹെറ്റ്‌മെയറിനെ കട്ടയ്ക്ക് പിന്തുണച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ശരവേഗത്തിലാണ് കുതിച്ചത്. അതിനിടെ പവല്‍ 29 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. താരം 3 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ 50 ല്‍ എത്തിയത്.
തൊട്ടു പിന്നാലെ ഹെറ്റ്‌മെയറുടെ പോരാട്ടത്തിനു സിംബാബ്‌വെ തിരശ്ശീലയിട്ടു. 34 പന്തില്‍ ഏഴ് വീതം സിക്‌സും ഫോറും സഹിതം 85 റണ്‍സുമായി ഹെറ്റ്‌മെയര്‍ മടങ്ങി. ഗ്രേയം ക്രീമറുടെ പന്തില്‍ ബെന്നറ്റിനു പിടി നല്‍കിയാണ് വെടിക്കെട്ട് ഇന്നിങ്‌സ് അവസാനിച്ചത്. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.
സ്‌കോര്‍ 194ല്‍ നില്‍ക്കെ പവല്‍ മടങ്ങി. താരം നാല് വീതം സിക്‌സും ഫോറും സഹിതം 35 പന്തില്‍ 59 റണ്‍സ് വാരി.
റൊമാരിയോ ഷെപ്പേര്‍ഡും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ജെയ്‌സന്‍ ഹോള്‍ഡറും കൂറ്റന്‍ സ്‌കോറിനു തീ കൊടുത്തു. റുതര്‍ഫോര്‍ഡ് 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. റൊമാരോ ഷെപ്പേര്‍ഡും ഹോള്‍ഡറും അതിനിടെ ക്രീസിലെത്തി മടങ്ങിയിരുന്നു. ഷെപ്പേര്‍ഡ് 3 സിക്‌സുകള്‍ സഹിതം 10 പന്തില്‍ 21 റണ്‍സെടുത്തു. ഹോള്‍ഡര്‍ 4 പന്തില്‍ 2 സിക്‌സുകളടക്കം 13 റണ്‍സും ചേര്‍ത്തു.
ടോസ് നേടി സിംബാബ്വെ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. അട്ടിമറിക്കാരെ തുടക്കം മുതല്‍ കടന്നാക്രമിക്കുക എന്ന നയമാണ് വിന്‍ഡീസ് സ്വീകരിച്ചത്. സ്‌കോര്‍ 17ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിങിനെ അവര്‍ക്കു നഷ്ടമായി. കാര്യങ്ങള്‍ സിംബാബ്‌വെയുടെ വഴിക്കാണെന്നു കരുതിയെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ ഹെറ്റ്‌മെയര്‍ സിംബാബ്‌വെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഹെറ്റ്‌മെയര്‍ നയം വ്യക്തമാക്കിയത്. പിന്നീടെത്തിയവരെല്ലാം അതേ മൂഡിലായിരുന്നു.
അതിനിടെ 54 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഷായ് ഹോപിനെയും കരീബിയന്‍ സംഘത്തിനു നഷ്ടമായി. എന്നാല്‍ ഹെറ്റ്‌മെയര്‍ തകര്‍പ്പന്‍ ഫോമില്‍ തന്നെ മറുഭാഗത്ത് നിന്നതോടെ വിന്‍ഡീസ് 55 പന്തില്‍ 104 റണ്‍സിലെത്തി. കിങ് 9 റണ്‍സെടുത്തും ഹോപ് 14 റണ്‍സുമായും പുറത്തായി.
സിംബാബ്‌വെയ്ക്കായി റിച്ചാര്‍ഡ് എന്‍ഗരവ, ബ്ലെസിങ് മുസര്‍ബാനി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രാഡ് ഇവാന്‍സ്, ഗ്രെയം ക്രീമര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates