

മുംബൈ: ഐപിഎല്ലിൽ ആറാം പോരാട്ടത്തിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ വിൽ ജാക്സൻ ഇല്ല. കഴിഞ്ഞ തവണ മുംബൈ നിരയിൽ കളിച്ച വിൽ ജാക്സിനെ 5.25 കോടിയ്ക്കാണ് മുംബൈ നിലനിർത്തിയത്. എന്നാൽ ഇതുവരെ താരം കളിക്കാൻ വന്നിട്ടില്ല. വാർത്താ സമ്മേളനത്തിൽ താരത്തെ കുറിച്ച് ചോദ്യമുണ്ടായി. മുംബൈ ബൗളിങ് പരിശീലകൻ പരസ് മാംബ്രയോടാണ് ചോദ്യം വന്നത്. ഉടൻ തന്നെ വിൽ ജാക്സ് ടീമിനൊപ്പം ചേരുമെന്നായിരുന്നു മറുപടി. പക്ഷേ അതെന്നുണ്ടാകുമെന്നു പരിശീലകൻ പറഞ്ഞില്ല.
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വിൽ ജാക്സ്. നാല് മത്സരങ്ങളിൽ താരം പ്ലെയർ ഓഫ് ദി മാച്ചായിരുന്നു. 226 റൺസും 9 വിക്കറ്റുകളും താരം ലോകകപ്പിൽ നേടി. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതിലും താരം നിർണായകമായി. ലോകകപ്പിനു ശേഷം താരം വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ സീസണിൽ മുംബൈക്കായി 13 മത്സരങ്ങളാണ് വിൽ ജാക്സ് കളിച്ചത്. ലേലത്തിനു മുൻപ് താരത്തെ നിലനിർത്തുകയായിരുന്നു.
സീസണിൽ ആദ്യ മത്സരം ജയിച്ചാണ് മുംബൈ തുടങ്ങിയത്. പിന്നീട് തുടരെ നാല് മത്സരങ്ങൾ തോറ്റു. ടീമിലെ സൂപ്പർ താരങ്ങളിൽ പലരും മങ്ങിയ ഫോമിൽ നിൽക്കുന്നത് തിരിച്ചടിയായി. ജസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരൊക്കെ ഔട്ട് ഓഫ് ഫോമിൽ നിന്നതോടെയാണ് വിൽ ജാക്സിന്റെ അസാന്നിധ്യം ശ്രദ്ധയിൽ വന്നത്. ഇതോടെയാണ് ചോദ്യങ്ങളും ഉയർന്നത്.
അതിനിടെ ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ ജയം പിടിച്ച് മുംബൈ വിജയ വഴിയിലുമെത്തി. മത്സരത്തിൽ തിലക് വർമ തന്റെ കന്നി ഐപിഎൽ സെഞ്ച്വറി നേടി മികവിലേക്ക് കുതിച്ചെത്തി. സൂര്യകുമാർ യാദവ് ഫോമിലെത്തുന്നതിന്റെ സൂചനകൾ കാട്ടി. വിക്കറ്റുകളൊന്നും വീഴ്ത്താതെ അഞ്ച് മത്സരങ്ങൾ കളിച്ച ബുംറയും ഗുജാറത്തിനെതിരെ ബൗളിങിൽ തിളങ്ങി. താരം ഒരു വിക്കറ്റും വീഴ്ത്തി വരൾച്ചയ്ക്ക് വിരാമമിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates