

ബുലവായോ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ടെസ്റ്റില്‍ ക്വാഡ്രബിള്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡ്... അനുപമ നേട്ടങ്ങളെല്ലാം ടീമിനു വേണ്ടി വേണ്ടെന്നു വച്ച് ദക്ഷിണാഫ്രിക്കയുടെ താത്കാലിക നായകന്‍ വിയാന്‍ മള്‍ഡര്‍. ട്രിപ്പിൾ സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുകയായിരുന്നു മൾഡർ. സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 5 വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ലഞ്ചിനു പിരിഞ്ഞതിനു പിന്നാലെയാണ് ടീമിന്റെ തീരുമാനം വന്നത്.
ലഞ്ചിനു പിരിയുമ്പോള്‍ മള്‍ഡര്‍ 367 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 334 പന്തുകള്‍ നേരിട്ട് 49 ഫോറും 4 സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏക ക്വാഡ്രബിള്‍ സെഞ്ച്വറിയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലാണ്. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരം മള്‍ഡര്‍ക്കുണ്ടായിരുന്നു. നേട്ടത്തിലേക്ക് 35 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ താരം ആ ചരിത്ര നേട്ടം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറെന്ന നേട്ടത്തില്‍ മള്‍ഡര്‍ എത്തി. താരം വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിന്റെ 365 റണ്‍സ് മറികടന്നു.
ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡ് മള്‍ഡര്‍ ആദ്യ ദിനത്തില്‍ തന്നെ സ്വന്തമാക്കിയിരുന്നു. നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയടിക്കുന്ന മൂന്നാമത്തെ താരമായും മള്‍ഡര്‍ മാറിയിരുന്നു. ടെംബ ബവുമയ്ക്കു പകരമാണ് താരം താത്കാലികമായി ടീമിനെ നയിക്കുന്നത്. ടെസ്റ്റില്‍ അതിവേഗം 250, പ്ലസ് സ്‌കോര്‍ നേടുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്ററെന്ന നേട്ടവും മള്‍ഡര്‍ സ്വന്തമാക്കിയിരുന്നു.
ഡേവിഡ് ബഡിങ്ഹാം (82), പ്രിട്ടോറിയസ് (78) എന്നിവര്‍ അര്‍ധ സെഞ്ച്വറിയടിച്ച് മള്‍ഡര്‍ക്ക് ശക്തമായ പിന്തുണ നല്‍കി.
ഡിക്ലയര്‍ ചെയ്യുമ്പോള്‍ മള്‍ഡര്‍ക്കൊപ്പം കെയ്ല്‍ വെരെയ്‌നായിരുന്നു ക്രീസില്‍. താരം 42 റണ്‍സുമായി ബാറ്റിങ് തുടരുന്നുണ്ടായിരുന്നു. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ പോരാട്ടം വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ 1-0ത്തിനു മുന്നില്‍.
ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍
ബ്രയാന്‍ ലാറ: 400 റണ്‍സ് വെസ്റ്റ് ഇന്‍ഡീസ്- ഇംഗ്ലണ്ട്, 2004
മാത്യു ഹെയ്ഡന്‍: 380 റണ്‍സ്, ഓസ്‌ട്രേലിയ- സിംബാബ്‌വെ, 2003
ബ്രയാന്‍ ലാറ: 375 റണ്‍സ് വെസ്റ്റ് ഇന്‍ഡീസ്- ഓസ്‌ട്രേലിയ, 1994
മഹേല ജയവര്‍ധനെ: 374 റണ്‍സ്, ശ്രീലങ്ക- ദക്ഷിണാഫ്രിക്ക, 2006,
വിയാന്‍ മള്‍ഡര്‍: 367 റണ്‍സ്, ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates