

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ വീണ്ടും സമര മുഖത്ത്. ഏഴ് താരങ്ങൾ രണ്ട് ദിവസം മുൻപ് ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമാണെന്നും താരങ്ങൾ പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും താരങ്ങൾ ആരോപിച്ചു.
ജന്തർ മന്ദറിലാണ് താരങ്ങൾ പ്രതിഷേധിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കവെ താരങ്ങൾ പൊട്ടിക്കരഞ്ഞു. രാപ്പകൽ സമരവുമായാണ് താരങ്ങൾ ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്. സാക്ഷി മാലിക്, ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
മൂന്ന് മാസം മുൻപും താരങ്ങൾ ഇതേ ആരോപണവുമായി സമര രംഗത്തുണ്ടായിരുന്നു. എന്നിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ വീണ്ടും സമരവുമായി രംഗത്തെത്തിയത്. മൂന്ന് മാസം മുൻപ് താരങ്ങൾ പ്രതിഷേധിച്ചപ്പോൾ ആരോപണം അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. എന്നാൽ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തു വിടണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.
'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതു വരെ ഇവിടെ നിന്ന് മാറില്ല. മൂന്ന് മാസം മുൻപ് പരാതി പറഞ്ഞപ്പോൾ സമിതി രൂപീകരിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല'- ബജ്റംഗ് പുനിയ വ്യക്തമാക്കി.
'ഇതൊരു വൈകാരിക വിഷയമാണ്. വനിതാ താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് പരസ്യമാക്കണം. പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പരാതിക്കാരികളുടെ പേരുകൾ ചോർത്താൻ പാടില്ല'- സാക്ഷി മാലിക് പറഞ്ഞു.
'പല തവണ ശ്രമിച്ചിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നു ഒരു പ്രതികരണവും ഇല്ല. ഞങ്ങൾക്ക് നീതി ലഭിക്കുന്നതു വരെ ഇവിടെ തന്നെ നിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ തന്നെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും തീരുമാനിച്ചു. മൂന്ന് മാസമായി കായിക മന്ത്രി അനുരാഗ് ഠാക്കൂറടക്കമുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ കമ്മിറ്റി അംഗങ്ങളടക്കമുള്ളവർ ഞങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല. ഫോൺ ചെയ്താൽ കായിക മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നു ഒരു പ്രതികരണവും ഇല്ല. ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയ താരങ്ങളാണ്. കരിയർ വരെ പണയപ്പെടുത്തിയാണ് ഇവിടെ നിൽക്കുന്നത്'- വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
