

മുംബൈ: 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. കളിക്കളത്തിന് അകത്തും പുറത്തും താരത്തിന്റെ പോരാട്ട വീര്യം ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാണ്. തനിക്ക് ബാധിച്ച കാൻസറിനെ എങ്ങനെയാണ് അതിജീവിച്ചതെന്ന് തുറന്ന് പറഞ്ഞ് യുവരാജ് സിങ്
2011ലെ ലോകകപ്പ് സമയത്താണ് യുവരാജ് സിങിന് കാൻസറുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. എന്നിട്ടും മൈതാനത്ത് മികച്ച പ്രകടനം കച്ച വെയ്ക്കാൻ താരത്തിനായി. ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാൽ രാജ്യത്തിനായി ക്രിക്കറ്റ് കളിക്കാനുള്ള ആവേശം കാരണം അവയെല്ലാം അവഗണിച്ച് അദ്ദേഹം ഗ്രൗണ്ടിൽ പോരാടി. ഒടുവിൽ 2021ലെ ലോകകപ്പ് ഇന്ത്യയ്ക്ക് നേടികൊടുക്കുകയും ആ ടൂർണമെന്റിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
“കാൻസർ ബാധിച്ചു എന്ന കാര്യം അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ഞാൻ അസുഖ വിവരം അറിയുന്നത്. വെസ്റ്റിൻഡീസിലേക്കും ഇംഗ്ലണ്ടിലേക്കും ഇന്ത്യൻ ടീം മത്സരങ്ങൾക്കായി പോകാനിരിക്കുകയായിരുന്നു. ആ സമയത്ത് ഗാംഗുലി വിരമിച്ചതോടെ ടെസ്റ്റ് ടീമിൽ എനിക്ക് സ്ഥാനം ഉറപ്പായി. അതിനായി ഏഴ് വർഷമാണ് ഞാൻ കാത്തിരുന്നത്. മരിച്ചാലും പ്രശ്നമില്ല ടെസ്റ്റ് ടീമിൽ കളിക്കണം എന്നായിരുന്നു എന്റെ വാശി. എന്നാൽ ഡോക്ടർമാർ അനുവദിച്ചില്ല'' യുവരാജ് സിങ് പറഞ്ഞു.
ട്യൂമർ നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ്. ഇനി നിങ്ങൾ ക്രിക്കറ്റ് കളിക്കാൻ ശ്രമിച്ചാൽ ഹൃദയാഘാതം വരാൻ സാധ്യതയുണ്ട്. കീമോതെറാപ്പി ചെയ്യാതെ ഇരുന്നാൽ മൂന്ന് മുതൽ ആറു മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളു എന്നാണ് തന്നോട് ഡോക്ടമാർ പറഞ്ഞെതെന്നും യുവരാജ് വ്യക്തമാക്കി.
തുടർന്ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന സത്യം അംഗീകരിക്കാൻ തന്നെ ഒരു വർഷം എടുത്തു. എന്നാൽ കളത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു സമാധാനിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
''ചികിത്സയ്ക്കിടെ തനറെ പഴയ മത്സരങ്ങളുടെ വിഡിയോകൾ തുടർച്ചയായി ഞാൻ കാണുമായിരുന്നു. ഈ സമയത്ത് അനിൽ കുംബ്ലെ എന്നെ കാണാൻ അമേരിക്കയിലെത്തി. ഞാൻ ക്രിക്കറ്റ് വിഡിയോ കാണുന്നത് കണ്ട് അദ്ദേഹം ലാപ് ടോപ് എടുത്ത് അടച്ചു വെച്ചു.ആരോഗ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ക്രിക്കറ്റ് വിഡിയോകൾ കാണുന്നത് നിർത്തണം എന്ന് അദ്ദേഹം പറഞ്ഞു'' യുവരാജ് വ്യക്തമാക്കി.
“നീ ഈ ആശുപത്രിയിൽ നിന്ന് പുറത്തു പോകുമ്പോൾ കാൻസർ എന്ന രോഗം വീണ്ടും വരാത്ത ഒരാളായിരിക്കും” എന്നാണ് ഡോക്ടർ പറഞ്ഞത് എന്നും യുവരാജ് ഓർത്തെടുത്തു.
ഒടുവിൽ അത് സത്യമായി ചികിത്സയ്ക്ക് ശേഷം വെറും ആറു മാസത്തിനകം യുവ്‌രാജ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. ടി20 ലോകകപ്പിൽ വീണ്ടും ഇന്ത്യയ്ക്കായി കളിച്ച അദ്ദേഹം പൂർണ്ണ ഫിറ്റ്നസ് ഇല്ലാതിരുന്നിട്ടും ഒരു മത്സരത്തിൽ ‘മാൻ ഓഫ് ദി മാച്ച്’ പുരസ്കാരവും നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates