

ന്യൂഡൽഹി: ആശങ്കകൾക്ക് വിരാമം. ഇന്ത്യയിലെ ആരാധകർക്ക് ഫിഫ ലോകകപ്പ് ഫുട്ബോൾ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) സ്വന്തമാക്കി. സീ പുതിയതായി ആരംഭിച്ച് യുനൈറ്റ് 8 സ്പോർട്സ് (Unite8 Sports) ചാനലിലൂടെ ടെലിവിഷനിൽ മത്സരങ്ങൾ ലൈവ് കാണാം. സീ 5 (Zee5) ആപ്പിലൂടെ മൈബൈലിലും മത്സരങ്ങൾ ലൈവ് കാണാം.
യുനൈറ്റ് 8 സ്പോർട്സ്, യുനൈറ്റ് 8 സ്പോർട്സ് 1, യുനൈറ്റ് 8 സ്പോർട്സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്പോർട്സ് 2, യുനൈറ്റ് 8 സ്പോർട്സ് 2 എച്ഡി (ഇംഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനിൽ സംപ്രേഷണം. ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതൽ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും. 8 വർഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്.
ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾ ഈ മാസം 11 മുതലാണ് ആരംഭിക്കുന്നത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദികൾ. മെക്സിക്കോ സിറ്റിയിലാണ് ഉദ്ഘാടന പോരാട്ടം. മെക്സിക്കോയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടുക.
2026, 2030 പുരുഷ ഫിഫ ലോകകപ്പുകൾ, 2027ലെ ഫിഫ വനിതാ ലോകകപ്പ്, അണ്ടർ 17, അണ്ടർ 20 (പുരുഷ, വനിതാ) ലോകകപ്പുകൾ, ഫുട്സാൽ ലോകകപ്പ്, ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഫിഫ ഡോക്യുമെന്ററി സീരീസുകൾ അടക്കമുള്ളവയും സംപ്രേഷണം ചെയ്യാനുള്ള അവകാശങ്ങളാണ് 8 വർഷ കരാറിലൂടെ സീ സ്വന്തമാക്കിയിരിക്കുന്നത്. 8 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സീ സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് കരുത്തോടെ തിരിച്ചെത്തുന്നത്.
ലോകകപ്പ് മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ സമയമനുസരിച്ച് അർധരാത്രിക്ക് ശേഷമായിരിക്കും നടക്കുക. ഈ സമയ വ്യത്യാസം കാരണം ഇന്ത്യൻ ചാനലുകൾക്ക് ഇതിനോടു വലിയ താത്പര്യമില്ലായിരുന്നു. അനുകൂലമായ സമയക്രമത്തിൽ ഖത്തറിൽ നടന്ന 2022ലെ ലോകകപ്പ് സംപ്രേഷണ അവകാശം 62 ദശലക്ഷം ഡോളറിനു വയോകോം 18 (നിലവിൽ ജിയോ സ്റ്റാറിന്റെ ഭാഗം) സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates