

പാരിസ്: ഇതിഹാസ താരം സിനദിന്‍ സിദാന്റെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനായി സിദാന്‍ സ്ഥാനമേല്‍ക്കും. ഈ വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനു ശേഷം മുന്‍ നായകന്‍ കൂടിയായ ദിദിയര്‍ ദെഷാംപ്‌സ് കോച്ചിന്റെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിദാന്‍ ഫ്രഞ്ച് ഡഗൗട്ടിലെത്തും. പരിശീകനാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും സിദാനും തമ്മില്‍ വാക്കാല്‍ കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1998ല്‍ ദെഷാംപ്‌സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്‍. 1998ലെ ബാല്ലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്‍. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന്‍ പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്.
2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന്‍ മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു.
ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ഇടവേള സംബന്ധിച്ച് സിദാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹമാണ് മാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുന്നത്.
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മികച്ച നേട്ടങ്ങളുമായാണ് ദെഷാംപ്‌സ് നില്‍ക്കുന്നത്. 1998ല്‍ കന്നി ലോകകപ്പ് ഫ്രാന്‍സ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദെഷാംപ്‌സ് പരിശീലകനെന്ന നിലയില്‍ 2018ല്‍ വീണ്ടും ലോക കിരീടം ഉയര്‍ത്തി. 2022ലും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കാനും അദ്ദേഹത്തിനു സാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates