അടിച്ചു തകര്‍ത്ത് 15കാരി ഷഫാലി; ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര

അടിച്ചു തകര്‍ത്ത് 15കാരി ഷഫാലി; ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി; ഇന്ത്യന്‍ വനിതകള്‍ക്ക് ടി20 പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി
Published on

സൂററ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരത്തില്‍ 51 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പര 2-0ത്തിനാണ് ഇന്ത്യ ഉറപ്പാക്കിയത്. മഴമൂലം രണ്ട് മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. 

17 ഓവറാക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ പോരാട്ടം 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വെറും 89 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചത്. 

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണമാണ് മത്സരം 17 ഓവര്‍ വീതമാക്കി കുറച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചു. 33 പന്തില്‍ 46 റണ്‍സടിച്ച 15കാരിയായ ഓപണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധന(13), ജെമീമ റോഡ്രിഗ്‌സ് (33), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(16), ദീപ്തി ശര്‍മ(20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഷഫാലി മികച്ച ബാറ്റിങുമായി കളം നിറഞ്ഞത്. 

മറുപടി ബാറ്റിങില്‍ തുടക്കത്തിലെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപണര്‍ ലിസ്‌ലെ ലീയെ(9) നഷ്ടമായി. തസ്മിന്‍ ബ്രിട്‌സും (20), ലോറാ വോള്‍വാര്‍റ്റും(23) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചെങ്കിലും ഇരുവരും വീണതോടെ റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. 

ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കളിയിലെ താരവും പൂനം തന്നെ. രാധാ യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഈ മാസം നാലിന് നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com