അരയില്‍ കടന്നുപിടിച്ചു, മാറിടത്തിലേക്ക്‌ കൈകള്‍ കൊണ്ടുവന്നു; ആരോപണക്കുരുക്കിൽ രണതും​ഗയും

ആരോപണം നീണ്ടിരിക്കുന്നത് ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ്
അരയില്‍ കടന്നുപിടിച്ചു, മാറിടത്തിലേക്ക്‌ കൈകള്‍ കൊണ്ടുവന്നു; ആരോപണക്കുരുക്കിൽ രണതും​ഗയും
Updated on
2 min read

മുംബൈ: മീ ടൂ ക്യാംപയിനിന്റെ ഭാ​ഗമായുള്ള തുറന്നുപറച്ചിലുകൾ പലഭാ​ഗങ്ങളിൽ നിന്നായി ഉയരുന്നു. കായിക ലോകത്തും അതിന്റെ അനുരണനങ്ങളുണ്ട്. ഇപ്പോൾ ആരോപണം നീണ്ടിരിക്കുന്നത് ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ്. മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു വിമാന ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ച അവർ ജീവിതത്തില്‍ താന്‍ നേരിട്ട മറ്റു പീഡനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. 

ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യൻ പര്യടന വേളയിലാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ വച്ച് രണതുംഗ യുവതിയുടെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്ന് യുവതി പറയുന്നു.

ക്രിക്കറ്റ് ആരാധികയായ തന്റെ സഹപ്രവര്‍ത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ ഹോട്ടല്‍ ജുഹു സെന്ററിലെ എലിവേറ്ററില്‍ വച്ച് കാണുകയും തുടര്‍ന്ന് റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് പറയുകയും ചെയ്തു. അവളുടെ സുരക്ഷ ആലോചിച്ച് കൂടെപ്പോകാന്‍ താനും തീരുമാനിക്കുകയായിരുന്നു. ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ കഴിക്കാന്‍ മദ്യം തന്നു. വേണ്ടെന്ന് പറഞ്ഞ് അത് നിരസിച്ചതായും തനിക്ക് ഭയം തോന്നിയതായും യുവതി പറയുന്നു. അവര്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും. റൂമിന്റെ വാതില്‍ അടച്ച് ചെയ്ന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ നിന്നു. 

എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് താന്‍ സു​ഹൃത്തിനോട് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവളാകട്ടെ താരങ്ങളെ കണ്ട് അന്തംവിട്ട് നില്‍ക്കുകയായിരുന്നു. അവിടെയുള്ള നീന്തല്‍ക്കുളത്തിന്റെ കരയിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവള്‍. രാത്രി ഏഴു മണിയായിക്കാണും. ഹോട്ടലിന്റെ പിറകിലുള്ള മങ്ങിയ വെളിച്ചമുള്ള, ശൂന്യമായ വഴിയായിരുന്നു അത്. തിരിഞ്ഞു നോക്കിയപ്പോള്‍ അവളെ കണ്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കാഴ്ച്ചക്ക് അപ്പുറവുമായിരുന്നു. 

പെട്ടെന്ന് രണതുംഗ തന്റെ അരയില്‍ കടന്നുപിടിച്ചു. മാറിടത്തിലേക്ക്‌ കൈകള്‍ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ട താന്‍ നിലവിളിച്ചു. അയാളുടെ കാലിലും കാല്‍പാദത്തിലുമെല്ലാം കഴിയുംവിധം ചവിട്ടി വേദനിപ്പിച്ചു. ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഓര്‍മിപ്പിച്ചു. കിട്ടിയ അവസരത്തില്‍ അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെറിസപ്ഷനിലേക്ക് ഓടി. എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ എന്ന് മറുപടി പറഞ്ഞ് റിസപ്ഷനിലുള്ള ആൾ സഹായിച്ചില്ലെന്നും യുവതി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 

1996 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും നേടിയ താരം കൂടിയാണ് അദ്ദേ​ഹം‌. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ 54-കാരനായ രണതുംഗ പിന്നീട് ഡെമോക്രാറ്റിക് നാഷണല്‍ അലയന്‍സില്‍ ചേരുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com