

മ്യൂണിക്ക്: ആദ്യ പാദത്തിൽ ആൻഫീൽഡിലെത്തി ലിവർപൂളിനെ ഗോളടിപ്പിക്കാതെ ബയേൺ മ്യൂണിക്ക് സമനിലയിൽ പൂട്ടിയപ്പോൾ ഫുട്ബോൾ വിദഗ്ധർ രണ്ടാം പാദത്തിലെ ലിവർപൂളിന്റെ തോൽവിയാണ് പ്രവചിച്ചത്. പക്ഷേ അലയൻസ് അരീനയിൽ ലിവർപൂൾ മറ്റൊരു ചരിത്രമാണ് എഴുതിയത്. ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് മുന്നേറി.
ലിവർപൂളിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതിനാൽ ഇന്ന് കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത് ബയേൺ മ്യൂണിക്കിനായിരുന്നു. എന്നാൽ ആ സാധ്യതകളൊന്നും ക്ലോപ്പിന്റെ ടീമിനെതിരെ നിലനിന്നില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അലയൻസ് അരീനയിൽ ലിവർപൂൾ വിജയിച്ച് കയറിയത്. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം നിന്ന പ്രകടനമായിരുന്നെങ്കിൽ രണ്ടാം പകുതി ലിവർപൂൾ അക്ഷരാർഥത്തിൽ കൈയടക്കുകയായിരുന്നു.
ഇരട്ട ഗോളുകളുമായി സെനഗൽ താരം സാദിയോ മാനേ ലിവർപൂളിന്റെ ഹീറോയായി. ഗോൾ നേട്ടത്തോടൊപ്പം ഒരു റെക്കോർഡും മാനെ സ്വന്തം പേരിലാക്കി. ലിവർപൂളിനായി യൂറോപ്യൻ പോരിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് മാനെ സ്വന്തമാക്കിയത്. ബയേണിനെതിരെ ആദ്യ ഗോൾ നേടി സ്റ്റീവൻ ജെറാർഡ്, സഹ താരം റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം ആറ് ഗോളുകളുമായി റെക്കോർഡ് പങ്കിട്ട മാനെ പിന്നീട് രണ്ടാം പകുതിയിലെ ഗോളോടെ നേട്ടം ഒറ്റയ്ക്ക് കൈക്കലാക്കുകയായിരുന്നു.
കളിയുടെ 26ആം മിനുട്ടിലാണ് ആദ്യ ഗോൾ വീണത്. വാൻ ഡെക് നൽകിയ പാസ് സ്വീകരിച്ച മാനെ ബയേൺ ഗോൾകീപ്പർ മാനുവൽ നൂയറിനെ കബളിപ്പിച്ച് ആളില്ലാത്ത ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. സെനഗൽ താരത്തിന്റെ ക്ലാസ് മുഴുവൻ വെളിവാക്കപ്പെട്ട ഗോളായിരുന്നു അത്. കണക്കുകൂട്ടൽ ഒട്ടും പിഴക്കാതെ അളന്നു മുറിച്ചൊരു സുന്ദരൻ ഗോൾ.
എന്നാൽ ആ ഗോളിനോട് മികച്ച രീതിയിൽ പ്രതികരിക്കാൻ ബയേണിന് സാധിച്ചു. 39ാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബയേൺ ലിവർപൂളിനൊപ്പം എത്തി. ഗ്നാബിറിയുടെ ഷോട്ട് ലിവർപൂൾ താരം മാറ്റിപ്പിന്റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് വീണതോടെ ബയേൺ തിരിച്ചുവരവിന്റെ പാതയിലാണെന്ന് തോന്നിപ്പിച്ചു.
രണ്ടാം പകുതിയിൽ കളി മെച്ചപ്പെടുത്താൻ ലിവർപൂളിനായതോടെ വാൻഡെക് നിയന്ത്രിക്കുന്ന ഡിഫൻസിനെ ഒന്ന് പരീക്ഷിക്കാൻ പോലും ബയേണിന് സാധിച്ചില്ല. മറുവശത്ത് ഡൈനാമിക്ക് പാസുകളുമായി കളിയുടെ വേഗം വർധിപ്പിച്ച് ലിവർപൂൾ കടിഞ്ഞാൺ മുറുക്കിയതോടെ അലയൻസ് അരീനയിൽ ആതിഥേയർ ഛിന്നഭിന്നം.
ഒരു വശത്ത് മികച്ച പ്രതിരോധം തീർത്ത വാൻ ഡൈക് കളിയുടെ 69ാം മിനുട്ടിൽ മറുവശത്ത് ചെന്ന് ഗോളടിച്ച് ലിവർപൂളിന്റെ ക്വാർട്ടർ ഉറപ്പിച്ചു. 69ാം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു വാൻഡെകിന്റെ ഗോൾ. കോർണറിൽ നിന്ന് വന്ന പന്ത് കരുത്തുറ്റ ഹെഡ്ഡറിലൂടെ താരം ബാവേറിയൻ വലയിലേക്ക് കുത്തിയിട്ടു.
വീണ്ടും ബയേൺ ഡിഫൻസിനെ കീഴ്പ്പെടുത്താൻ ലിവർപൂളിനായി. 83ാം മിനുട്ടിൽ മാനെ ആണ് വീണ്ടും ബയേൺ വല കുലുക്കിയത്. സലാ നൽകിയ അത്ഭുത ബോൾ ഹെഡ്ഡറിലൂടെ മാനെ വലയിലിട്ടതോടെ ജർമൻ അതികായരുടെ പതനം പൂർണം.
ലിവർപൂളും ജയിച്ചതോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ഇംഗ്ലീഷ് ടീമുകളുടെ അത്ഭുത മുന്നേറ്റം പൂർണമായി. ക്വാർട്ടറിലെത്തിയ എട്ടിൽ നാല് ടീമുകളും പ്രീമിയർ ലീഗിലെ അതികായരാണ്. ലിവർപൂളിന് പുറമെ നേരത്തെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം ടീമുകളും അവസാന എട്ടിൽ ഇടം പിടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates