

ചെന്നൈ: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ആര് ബാറ്റിങിന് ഇറങ്ങും എന്നത് കുറച്ച് കാലമായി ചര്‍ച്ചകളിലുണ്ട്. പലരേയും പരീക്ഷിച്ചെങ്കിലും ആസ്ഥാനത്ത് ആര്‍ക്കും കാര്യമായ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴും ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായി നില്‍ക്കുകയാണ് നാലാം നമ്പര്‍ സ്ഥാനം.
ഇപ്പോഴിതാ ഈ സ്ഥാനത്തേക്ക് അനുയോജ്യനായ താരം താനാണെന്ന അവകാശ വാദവുമായി സുരേഷ് റെയ്‌ന രംഗത്തെത്തി. ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്ത് മികവ് തെളിയിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും റെയ്‌ന വ്യക്തമാക്കി. അവസരത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പര്‍കിങ്‌സ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌ന പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി റെയ്‌നയ്ക്ക് ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിനുള്ള ടീമില്‍ ഇടം ലഭിക്കാറില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പോരാട്ടത്തിലാണ് അവസാനമായി റെയ്‌ന ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ടീമില്‍ മടങ്ങിയെത്താനുള്ള തീവ്ര ശ്രമത്തിലാണ് താരം. വരാനിരിക്കുന്ന രണ്ട് ടി20 ലോകകപ്പുകളില്‍ ഇന്ത്യക്കായി കളിക്കാനിറങ്ങാമെന്ന പ്രതീക്ഷയിലാണ് 32കാരനായ റെയ്‌ന.
നിലവില്‍ ടീമിലുള്ള ഋഷഭ് പന്തിന് മികവ് പുലര്‍ത്താന്‍ സാധിക്കുന്നില്ല. ഷോട്ട് തിരഞ്ഞെടുക്കുന്നതിലും മറ്റും താരം കാട്ടുന്ന അലംഭാവമടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണിപ്പോള്‍. ഈ ഘട്ടത്തിലാണ് റെയ്‌നയുടെ ഇത്തരത്തിലൊരു പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
പന്ത് ആശയക്കുഴപ്പം നേരിടുകയാണെന്നും അദ്ദേഹം സ്വതസിദ്ധമായി കളിക്കുന്നില്ലെന്നും റെയ്‌ന പറയുന്നു. പന്തുമായി ആരെങ്കിലും ആശയ വിനിമയം നടത്തണം. ധോനി തന്റെ സഹ താരങ്ങളുമായി നിരന്തരം സംസാരിക്കുമായിരുന്നു. ക്രിക്കറ്റ് ഒരു മാനസിക കളിയാണെന്നും അത്തരത്തിലൊരു പിന്തുണ നല്‍കിയാല്‍ പന്തിന് സ്വാഭാവിക കളി പുറത്തെടുക്കാന്‍ സാധിക്കുമെന്നും റെയ്‌ന വ്യക്തമാക്കി. ഇന്ത്യക്കായി ഏകദിനത്തില്‍ 5,615 റണ്‍സും ടി20യില്‍ 1,604 റണ്‍സും നേടിയ താരമാണ് റെയ്‌ന.
നാലാം നമ്പറില്‍ ആരിറങ്ങും എന്നത് സംബന്ധിച്ചായിരുന്നു ലോകകപ്പ് സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. ആദ്യം അമ്പാട്ടി റായിഡുവിനെയായിരുന്നു പരിഗണിച്ചത്. ലോകകപ്പില്‍ വിജയ് ശങ്കറിനായിരുന്നു നിയോഗം. ടൂര്‍ണമെന്റിനിടെ പരുക്കേറ്റ് വിജയ് ശങ്കര്‍ മടങ്ങിയപ്പോള്‍ പകരക്കാരനായി ഋഷഭ് പന്ത് വന്നു. പന്തിനും ആ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates