ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍; രജിന്ദര്‍ ഗോയല്‍ ഇനി ഓര്‍മ

ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍; രജിന്ദര്‍ ഗോയല്‍ ഇനി ഓര്‍മ
ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍; രജിന്ദര്‍ ഗോയല്‍ ഇനി ഓര്‍മ
Updated on
1 min read

ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റ് താരം രജിന്ദര്‍ ഗോയല്‍ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇടം കൈയന്‍ സ്പിന്നറായിരുന്ന അദ്ദേഹത്തിന് ഒരിക്കല്‍ പോലും ഇന്ത്യക്കായി കളിക്കാന്‍ അവസരം കിട്ടിയില്ല. 2017 ല്‍ ബിസിസിഐ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ച താരം കൂടിയാണ് രജിന്ദര്‍ ഗോയല്‍. 

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായ രജിന്ദര്‍ ബിഷന്‍ സിങ് ബേദിയുടെ സമകാലികന്‍ ആയിരുന്നു. അതുകൊണ്ടു തന്നെ ഒരിക്കല്‍ പോലും ഇന്ത്യക്ക് ആയി കളിക്കാനും സാധിച്ചില്ല. 1974-75 കാലത്ത് വെസ്റ്റിന്‍ഡീസിന്റെ പര്യടന സമയത്ത് ഗോയലിനെ 12ാം താരമായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിപ്പിച്ചില്ല. ബേദിയുടെ സസ്‌പെന്‍ഷനെ തുടര്‍ന്നായിരുന്നു ഇത്. 

1958 മുതല്‍ ഏതാണ്ട് 25 കൊല്ലം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന അദ്ദേഹം 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ആണ് കളിച്ചത്. ഹരിയാനക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മൊത്തം 750 വിക്കറ്റുകള്‍ ആണ് ഗോയല്‍ സ്വന്തമാക്കിയത്. 

1942 ല്‍ ഹരിയാനയില്‍ ജനിച്ച അദ്ദേഹം 44 വയസ് വരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. വിരമിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ജൂനിയര്‍ സെലക്ടര്‍ ആയും ഹരിയാന ക്രിക്കറ്റില്‍ സെലക്ടര്‍ ആയും സേവനം അനുഷ്ടിച്ചു. 

രജിന്ദര്‍ ഗോയലിന്റെ മരണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍, ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെല്ലാം അദ്ദേഹത്തെ അനുസ്മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com