ആരാധികയാണെന്ന് മെസേജ്; 13 വർഷം നീണ്ട പ്രണയം; കോച്ചിന്റെ മകളെ ജീവിത സഖിയാക്കിയ കഥ പങ്കിട്ട് സുനിൽ ഛേത്രി

എനിക്ക് 18ഉം അവൾക്ക് 15ഉം വയസ് പ്രായം. അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു
ആരാധികയാണെന്ന് മെസേജ്; 13 വർഷം നീണ്ട പ്രണയം; കോച്ചിന്റെ മകളെ ജീവിത സഖിയാക്കിയ കഥ പങ്കിട്ട് സുനിൽ ഛേത്രി
Updated on
2 min read

ഹൈ​ദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെക്കുറിച്ച് വലിയ വിശേഷങ്ങൾ ആവശ്യമില്ല. ലോകത്തെ എണ്ണം പറഞ്ഞ മുന്നേറ്റക്കാരിൽ ഒരാളെന്ന നിലയിൽ ശ്രദ്ധേയനാണ് ഛേത്രി എന്ന കാര്യത്തിലും ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ നീണ്ട കാലത്തെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഛേത്രി. കോച്ചിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച കഥയാണ് ഛേത്രി പങ്കുവച്ചത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഛേത്രിയുടെ ഹൃദ്യമായ കുറിപ്പുള്ളത്.

എനിക്ക് 18ഉം അവൾക്ക് 15ഉം വയസ് പ്രായം. അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു. ഛേത്രി എന്നയാളെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ തന്റെ മകളോട് പറയാറുണ്ടായിരുന്നു. അവൾക്ക് എന്നോട് വലിയ കൗതുകം തോന്നിയിരുന്നു. അങ്ങനെ അവൾ അവളുടെ അച്ഛന്റെ ഫോണിൽ നിന്ന് എന്റെ നമ്പർ കണ്ടെത്തി എനിക്ക് ടെക്സ്റ്റ് മെസേജ് ചെയ്തു. 'ഹായ് ഞാൻ സോനം, നിങ്ങളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ നേരിൽ കാണണമെന്നുണ്ട്'. ആരാണ് അവളെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.

പക്ഷേ അവളുടെ മെസേജുകൾ എന്നെ അവളിലേക്ക് ആകർഷിച്ചു. അതുകൊണ്ട് അവളെ കാണാൻ ഞാൻ തീരുമാനിച്ചു. നേരിൽ കണ്ടപ്പോഴാണ് അവൾ ഒരു ചെറിയ കുട്ടിയാണെന്ന് മനസിലായത്. നീ ചെറിയ കുട്ടിയാണ്, പോയി വല്ലതും പഠിക്കാൻ നോക്ക് എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് പോന്നു. പക്ഷേ വീണ്ടും ഞങ്ങൾ മെസേജുകൾ അയക്കുന്നത് തുടർന്നു.

ഒരു ദിവസം എന്റെ കോച്ച് അദ്ദേഹത്തിന്റെ ഫോണ്‍ എന്തോ തകരാര്‍ വന്നെന്നു പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാനത് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് കോച്ചിന്റെ മകളുടെ കോൾ അതിലേക്ക് വന്നു. ആ നമ്പർ എനിക്ക് പരിചിതമായിത്തോന്നി. പെട്ടെന്നാണ് അത് സോനത്തിന്റെ നമ്പരാണെന്ന് എനിക്ക് മനസിലായത്. ഞാനാകെ പരിഭ്രാന്തനായി. ഞാനുടനെ അവളെ വിളിച്ചു. കോച്ച് ഇക്കാര്യമെങ്ങാനും അറിഞ്ഞാൽ എന്റെ കരിയർ അവസാനിക്കുമെന്ന് ഞാനവളോട് പറഞ്ഞു. എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. സത്യം മറച്ചു വെച്ചതിന് അവളെന്നോട് മാപ്പ് പറഞ്ഞു.

രണ്ട് മാസം കൂടി കടന്നു പോയി. പക്ഷെ, അവളെന്റെ മനസിൽ നിന്ന് പോയില്ല. അവളെന്റെ കൂടെയുള്ളത് ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. ഞാൻ അവൾക്ക് ടെക്സ്റ്റ് ചെയ്തു. ഞങ്ങൾ വീണ്ടും മെസേജുകളയയ്ക്കാൻ തുടങ്ങി. ഞങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി. എനിക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയുക. ഞാൻ സിനിമയ്ക്ക് രണ്ട് ടിക്കറ്റെടുത്ത് കയറും. വാതിൽക്കൽ അവളുടെ പേരിലുള്ള ടിക്കറ്റ് കൊടുത്തുവെക്കും. ഞാൻ കയറിക്കഴിഞ്ഞാൽ അവളും എത്തിച്ചേരും.

വർഷങ്ങൾ കടന്നുപോയി. ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളർന്നുവന്നു. എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കാന്‍ അവളുണ്ടായി. ഞാനെന്റെ കരിയറിൽ വിജയം നേടി. പ്രായവും പക്വതയുമൊക്കെ ആയെന്നു തോന്നിയപ്പോൾ ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിച്ചു. അവളുടെ അച്ഛനോട് സംസാരിക്കാൻ സമയമായെന്ന് എനിക്ക് തോന്നി. വിറയലോടെ ഞാനവളുടെ വീട്ടിലേക്ക് കയറിച്ചെന്നു.

അവളുടെ അച്ഛൻ സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു: സർ, ഞാൻ, എനിക്ക് അങ്ങയുടെ മകളോട് ഇഷ്ടമുണ്ട്. അവൾക്കും എന്നോട് ഇഷ്ടമുണ്ടെന്നാണ് എന്റെ വിശ്വാസം. ഇതു കേട്ട് ശരിയെന്ന് മാത്രം പറഞ്ഞ് അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി. ഒടുവില്‍ അദ്ദേഹം പുറത്തുവന്നു. സമ്മതം പറഞ്ഞു. ഞങ്ങൾ 13 വർഷം പ്രണയിച്ചു. രണ്ട് വർഷം മുമ്പ് വിവാഹിതരായി. ഇപ്പോഴും അവൾ സ്വയം വിശേഷിപ്പിക്കുന്നത് എന്റെ ഏറ്റവും വലിയ ആരാധികയെന്നാണ്.

ഛേത്രിയുടെ ഈ പ്രണയ കഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റ് പങ്കിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com