

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ഭരണം നാശത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ബിസിസിഐയുടെ ഇടക്കാല ഭരണസമിതിക്ക് അയച്ച കത്തിലാണ് ഗാംഗുലി തന്റെ ആശങ്ക വ്യക്തമാക്കിയത്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌രിക്കെതിരെ ഉയർന്ന ‘മി ടൂ’ ആരോപണം കൈകാര്യം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഗാംഗുലി കത്തയച്ചിരിക്കുന്നത്. ബിസിസിഐയുടെ പ്രതിച്ഛായ മോശമാകുന്നതിൽ ഗാഗംഗുലി ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനത്തെ രക്ഷിക്കാൻ സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവർ മുന്നോട്ടുവരണമെന്ന് ഗാംഗുലി കത്തിൽ ആവശ്യപ്പെട്ടു.
‘ഇന്ത്യൻ ക്രിക്കറ്റ് ഭരണ സംവിധാനത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന തികഞ്ഞ ആശങ്കയോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഇന്ത്യയ്ക്കായി ദീർഘകാലം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിലും അവിടുത്തെ ജയപരാജയങ്ങൾ ഏറെക്കാലം ജീവിതത്തെ ചൂഴ്ന്നു നിന്നിട്ടുള്ളതിനാലും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. എങ്കിലും ഏറെ ആശങ്കയോടെ (ആശങ്ക എന്ന വാക്കാണ് ഞാൻ ഉപയോഗിക്കുന്നത്) ഒരു കാര്യം കുറിക്കട്ടെ. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്ക്കൊത്ത രീതിയിലല്ല‘.
ജോഹ്‌രിക്കെതിരായ മീ ടു വിഷയവും അദ്ദേഹം പരോക്ഷമായി കത്തിൽ സൂചിപ്പിക്കുന്നു. ‘ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല. എങ്കിലും അടുത്ത കാലത്ത് ഉയർന്ന പീഡന ആരോപണം ബിസിസിഐയുടെ പ്രതിച്ഛായക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ സംഭവം കൈകാര്യം ചെയ്ത രീതിയിലെ പിഴവുകൾ. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി നാല് പേരിൽ നിന്ന് രണ്ട് പേരായി ചുരുങ്ങിയിരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് പേരും വിഭജിക്കപ്പെട്ടതായി കാണുന്നു’.
ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടുള്ള ആരാധക പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയും ഗാംഗുലി കത്തിൽ പങ്കുവയ്ക്കുന്നു. വളരെയേറെ വർഷത്തെ കഠിനാധ്വാനം കൊണ്ട് പ്രതിജ്ഞാബദ്ധരായ ഭരണകർത്താക്കളും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളും ചേർന്നാണ് ലക്ഷക്കണക്കിനു പേരെ ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകരാക്കി മാറ്റിയതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ രീതി തുടർന്നാൽ ഈ ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്കയും കത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates