ഇന്ത്യയും വെസ്റ്റ് ഇൻഡീസും വിജയിച്ചില്ല, പരാജയപ്പെട്ടതുമില്ല; രണ്ടാം പോരാട്ടം ടൈ കെട്ടി

ഇന്ത്യയും വെസ്റ്റ് ഇൻഡീസും വിജയിച്ചില്ല, പരാജയപ്പെട്ടതുമില്ല. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ ഇരു പക്ഷവും സമനിലയോടെ പിരിഞ്ഞു
ഇന്ത്യയും വെസ്റ്റ് ഇൻഡീസും വിജയിച്ചില്ല, പരാജയപ്പെട്ടതുമില്ല; രണ്ടാം പോരാട്ടം ടൈ കെട്ടി
Updated on
2 min read

വിശാഖപട്ടണം: അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും വിജയിച്ചില്ല, പരാജയപ്പെട്ടതുമില്ല. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഒപ്പത്തിനൊപ്പം പൊരുതിയ ഇരു പക്ഷവും സമനിലയോടെ പിരിഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ശതക കരുത്തിൽ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 321 റൺസ് സ്വന്തമാക്കി. 322 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 321ൽ തന്നെ പോരാട്ടം അവസാനിപ്പിച്ചതോടെയാണ് മത്സരം ടൈ കെട്ടിയത്. 

ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിന് വിജയത്തിലേക്ക് 14 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ഷായ് ഹോപ്, ആഷ്‌ലി നഴ്സ്, കെമർ റോച്ച് എന്നിവർക്ക് 13 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ വിജയത്തിലേക്ക് അഞ്ച് റൺസ് എന്ന നിലയിൽ നിൽക്കെ ബൗണ്ടറി കണ്ടെത്തിയ ഷായ് ഹോപ്പാണ് മത്സരം ഒപ്പമെത്തിച്ചത്. ഹോപ് 134 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 123 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി 129 പന്തിൽ 157 റൺസെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് കളിയിലെ കേമൻ.

രണ്ടാം ഏകദിന സെഞ്ച്വറിയുമായി പടനയിച്ച ഷായ് ഹോപ്പിനൊപ്പം തുടർച്ചയായ രണ്ടാം മത്സരത്തിലും തകർത്തടിച്ച് സെഞ്ച്വറിക്കരികെ എത്തിയ യുവ താരം ഷിമ്രോൺ ഹെറ്റ്മയറിന്റെ പ്രകടനും വിൻഡീസിന് കരുത്തായി. ഹെറ്റ്മയർ 64 പന്തിൽ നാല് ബൗണ്ടറികളും ഏഴ് പടുകൂറ്റൻ സിക്സും സഹിതം 94 റൺസെടുത്തു പുറത്തായി. 78 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിൻഡീസിന്, നാലാം വിക്കറ്റിൽ ഹെറ്റ്മയർ–ഹോപ് സഖ്യം കൂട്ടിച്ചേർത്ത 143 റൺസാണ് ഇന്ത്യയെ ഒപ്പം പിടിക്കാൻ സഹായമായത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0 ലീഡ് നിലനിർത്തി.

കീറൻ പവൽ (20 പന്തിൽ 18), ചന്ദർപോൾ ഹേംരാജ് (24 പന്തിൽ 32), മർലോൺ സാമുവൽസ് (10 പന്തിൽ 13), റൂവൻ പവൽ (18 പന്തിൽ 18), ജേസൺ ഹോൾഡർ (23 പന്തിൽ 12), ആഷ്‌ലി നഴ്സ് (ഏഴ് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു വിൻഡീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ റെക്കോർഡ‍ുകൾ കടപുഴക്കി മുന്നേറിയ നായകൻ വിരാട് കോഹ്‍ലിയുടെ പരമ്പരയിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഏകദിനത്തിലെ 37ാം സെഞ്ച്വറി, ഈ കലണ്ടർ വർഷത്തിൽ 1000 റൺസ്, ഏകദിന കരിയറിൽ 10,000 റൺസ് എന്നീ റെക്കോർഡുകളാണ് കോഹ്‍ലി വിശാഖപട്ടണത്തെ പിച്ചിൽ അടിച്ചെടുത്തത്. 106 പന്തിൽ 10 ബൗണ്ടറി സഹിതമാണ് കോഹ്‍ലി ഈ പരമ്പരയിലെ തുടർച്ചയായ രണ്ടാമത്തെ ശതകത്തിലെത്തിയത്. ഇതിനിടെ 81 റൺസിലെത്തിയപ്പോൾ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന താരമായി മാറിയ കോഹ്‍ലി, 111 റൺസിലെത്തിയപ്പോൾ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന 13–ാമത്തെ താരമാണ് കോഹ്‍ലി. അഞ്ചാമത്തെ ഇന്ത്യക്കാരനും. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കറിൽ നിന്ന് സ്വന്തമാക്കിയാണ് കോഹ്‍ലിയുടെ കുതിപ്പ്. ഈ കലണ്ടർ വർഷത്തിൽ വെറും 11 മത്സരങ്ങളിൽ നിന്നാണ് കോഹ്‍ലി 1,000 റൺസ് പിന്നിട്ടത്. മുൻപ് 15 ഇന്നിങ്സുകളിൽ നിന്ന് 1,000 റൺസ് നേടി ദക്ഷിണാഫ്രിക്കൻ താരം ഹാംഷിം അംലയ്ക്കൊപ്പം പങ്കുവച്ച റെക്കോർഡാണ് വിശാഖപട്ടണത്ത് കോഹ്‍ലി ഒറ്റയ്ക്കു സ്വന്തമാക്കിയത്. 

കോഹ്‍ലി 130 പന്തിൽ 13 ബൗണ്ടറിയും നാല് സിക്സും സഹിതം 157 റൺസുമായി പുറത്താകാതെ നിന്നു. 73 റൺസെടുത്ത അമ്പാട്ടി റായിഡു ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. 40 റൺസിനിടെ ഓപണർമാരെ നഷ്ടമായ ഇന്ത്യയ്ക്ക്, മൂന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടു (139) തീർത്ത കോഹ്‍ലി–റായിഡു സഖ്യമാണ് മികച്ച സ്കോറിനുള്ള അടിത്തറ സമ്മാനിച്ചത്. കോഹ്‍ലിയുടെ മിന്നൽ പ്രകടനത്തിന്റെ ബലത്തിൽ അവസാന 10 ഓവറിൽ നിന്നുമാത്രം ഇന്ത്യ നേടിയത് 100 റൺസാണ്. അവസാന 30 പന്തിൽ മാത്രം നേടിയത് 61 റൺസ്. ഓപണർമാരായ രോഹിത് ശർമ (നാല്), ശിഖർ ധവാൻ (29), മഹേന്ദ്രസിങ് ധോണി (20), ഋഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. വിൻഡീസിനായി ആഷ്‍ലി നഴ്സ്, അരങ്ങേറ്റ താരം ഓബദ് മക്കോയ് എന്നിവർ രണ്ടും കെമർ റോച്ച്, മർലോൺ സാമുവൽസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com