

അബുദാബി : എഎഫ‌്സി ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം . ജീവന്മരണ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ബഹ‌്റൈനെ നേരിടും. ബഹ‌്റൈനിനെ കീഴടക്കിയാൽ ഇന്ത്യ രണ്ടാം റൗണ്ടിലെത്തും. മത്സരം സമനിലയായാലും ഇന്ത്യയുടെ സാധ്യത അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പ‌് എയിലെ യുഎഇ–-തായ‌്‌ലൻഡ‌് മത്സരഫലവും ഇന്ത്യക്ക‌് നിർണായകമാണ‌്.
നിലവിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്താണ‌്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട‌് സ്ഥാനക്കാരും മികച്ച നാല‌് മൂന്നാംസ്ഥാനക്കാരുമാണ‌് ക്വാർട്ടറിലെത്തുക. ആകെ ആറ‌് ഗ്രൂപ്പുകളാണ‌്. ആദ്യമത്സരത്തിൽ തായ‌്‌ലൻഡിനെ വലിയ ഗോൾ ശരാശരിയിൽ തോൽപ്പിച്ചതിനാൽ മികച്ച മൂന്നാം സ്ഥാനക്കാരാകാനുള്ള സാധ്യതയിൽ ഇന്ത്യ മുന്നിലാണ‌്.
ആദ്യമത്സരത്തിൽ ഒന്നിനെതിരെ നാലുഗോളിന‌് തായ‌്‌ലൻഡിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാമത്തെ കളിയിൽ യുഎഇയോട‌് തോറ്റു. അതേസമയം, ടൂർണമെന്റിൽ ഇതുവരെ ബഹ‌്റൈന‌് ജയം നേടാനായിട്ടില്ല. ആദ്യമത്സരത്തിൽ കരുത്തരായ യുഎഇയെ സമനിലയിൽ കുരുക്കിയെങ്കിലും അടുത്തകളിയിൽ തായ‌്‌ലൻഡിനോട‌് അടിയറവ‌് പറഞ്ഞു.
യുഎഇക്കെതിരെ കളിച്ച ഇന്ത്യൻ ടീമിൽ മാറ്റത്തിന‌് സാധ്യത കുറവാണ‌്. അനിരുദ്ധ‌് ഥാപ്പക്ക‌് തന്നെയായിരിക്കും മധ്യനിരയിൽ കളിമെനയാനുള്ള ചുമതല. മുന്നേറ്റത്തിൽ ആഷിഖ‌് കുരുണിയനും സുനിൽ ഛേത്രിയും എതിർ പ്രതിരോധത്തെ പരീക്ഷിക്കും. ജെജെ ലാൽപെഖുലയും കൂടി ഫോമിലേക്ക‌് ഉയർന്നതോടെ ഇന്ത്യൻ ആക്രമണത്തിന‌് ഇരട്ടിമൂർച്ചയാണ‌്. വലയ‌്ക്കുമുമ്പിൽ വിശ്വസ‌്തനായ ഗുർപ്രീത‌്സിങ‌് സന്ധുവും ഉണ്ടാകും.
ഇന്ത്യ: ഗുർപ്രീത‌്സിങ‌് സന്ധു, പ്രീതം കോട്ടൽ, സന്ദേശ‌് ജിങ്കൻ, അനസ‌് എടത്തോടിക, സുഭാശിഷ‌് ബോസ‌്, ഹാളിചരൺ നർസാറി, പ്രണോയ‌് ഹാൾദെർ, അനിരുദ്ധ‌് ഥാപ്പ, ഉദാന്തസിങ‌്, ആഷിഖ‌് കുരുണിയൻ,സുനിൽ ഛേത്രി.
ബഹ‌്റൈൻ: സയ‌്ദ‌് ഷുബ്ബാർ അലാവി, അഹമ്മദ‌് ജുമ, വലീദ‌് അൽ ഹായം, ഹമ്മദ‌് അൽ ഷംസാൻ, സയ‌്ദ‌് രേധ ഇസ, കോമൈൽ അൽ അസാദ‌്, അബ‌്ദുവഹാബ‌് അൽ സഫി, സയ‌്ദ‌് ധിയ സയീദ‌്, മുഹമ്മദ‌് മാർഹൂൺ, സമി അൽ ഹുസൈനി, മുഹമ്മദ‌് അൽ റോമയിഹി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates