എറിഞ്ഞിട്ട് ഹോൾഡറും ​ഗബ്രിയേലും 'പങ്കിട്ടു'; പത്ത് ഇം​ഗ്ലീഷ് വിക്കറ്റുകൾ

എറിഞ്ഞിട്ട് ഹോൾഡറും ​ഗബ്രിയേലും 'പങ്കിട്ടു'; പത്ത് ഇം​ഗ്ലീഷ് വിക്കറ്റുകൾ
എറിഞ്ഞിട്ട് ഹോൾഡറും ​ഗബ്രിയേലും 'പങ്കിട്ടു'; പത്ത് ഇം​ഗ്ലീഷ് വിക്കറ്റുകൾ
Updated on
2 min read

സതാംപ്ടൺ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ട് 204 റൺസിന് പുറത്ത്. ക്യാപ്റ്റൻ ജാസൻ ​ഹോൾഡറിന്റേയും ഷാനോൺ ​ഗബ്രിയേലിന്റേയും പന്തുകൾ തീ തുപ്പിയപ്പോൾ ഇം​ഗ്ലീഷ് ബാറ്റിങ് നിര വിരണ്ടു. ​ഹോൾഡർ ആറും ​ഗബ്രിയേൽ നാലും വിക്കറ്റുകൾ വീഴ്ത്തി. 

ഇം​ഗ്ലണ്ടിനെ ഓൾഔട്ടാക്കി ഒന്നാം ഇന്നിങ്സ് തുടങ്ങിയ വിൻഡീസ് ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസെന്ന നിലയിലാണ്. 21 റൺസുമായി ജോൺ കാംബെലും ഒൻപത് റൺസുമായി ക്രെയ്ഗ് ബ്രാത്‌വെയ്റ്റുമാണ് ക്രീസിൽ.

നേരത്തെ 97 പന്തിൽ 43 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ. ഏറിയ പങ്കും മഴ തടസപ്പെടുത്തിയ ആദ്യ ദിനത്തിലെ മത്സരത്തിന് ശേഷം രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് പിടിച്ചു നിൽക്കാനായില്ല. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന അവസ്ഥയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 204-ൽ അവസാനിച്ചു.

രണ്ടാം ഓവറിലെ നാലാം പന്തിൽ തന്നെ ഇംഗ്ലണ്ടിന് ഓപ്പണർ ഡോം സിബ്ലെയെ നഷ്ടപ്പെട്ടു. ആ സമയത്ത് ഇംഗ്ലണ്ട് സ്കോർ ബോർഡ് തുറന്നിരുന്നില്ല. രണ്ടാം വിക്കറ്റിൽ റോറി ബേൺസും ജോ ഡെൻലിയും ചേർന്ന് 48 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 18 റൺസെടുത്ത ഡെൻലിയെ പുറത്താക്കി ഗബ്രിയേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 30 റൺസുമായി ബേൺസും ക്രീസ് വിട്ടു. സാക്ക് ക്രാവ്ലെ 20 റൺസെടുത്ത് ഹോൾഡറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയപ്പോൾ ഒലി പോപ്പ് 12 റൺസെടുത്ത് പുറത്തായി.

പിന്നീട് ആറാം വിക്കറ്റിൽ ബെൻ സ്റ്റോക്ക്സും ജോസ് ബട്ലറും ഒത്തുചേർന്നു. ഇരുവരും ചേർന്ന് സ്കോർബോർഡിൽ 67 റൺസ് കൂട്ടിച്ചേർത്തു. അർധ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന സ്റ്റോക്ക്സിനെ പുറത്താക്കി ഹോൾഡർ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ജോസ് ബട്ലറും (35) പുറത്തായി. അക്കൗണ്ട് തുറക്കും മുമ്പ് ജോഫ്ര ആർച്ചറെ ഹോൾഡർ തിരിച്ചയച്ചു. ഇതോടെ എട്ടു വിക്കറ്റിന് 157 എന്ന നിലയിലായി ഇംഗ്ലണ്ട്.

ഒരു വശത്ത് 44 പന്തിൽ 31 റൺസോടെ ഡോം ബെസ്സ് പുറത്താകാതെ നിന്നെങ്കിലും മറുവശത്ത് പിന്തുണ ലഭിച്ചില്ല. അഞ്ചു റൺസോടെ മാർക്ക് വുഡും 10 റൺസുമായി ജെയിംസ് ആൻഡേഴ്സും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു. ആൻഡേഴ്സണുമായി ചേർന്ന് ഡോം ബെസ് 30 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് ആതിഥേയരുടെ സ്കോർ 200 കടത്തിയത്.

20 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ജേസൺ ഹോൾഡർ ആറു വിക്കറ്റെടുത്തത്. 15.3 ഓവർ എറിഞ്ഞ ഷാനോൺ ഗബ്രിയേൽ 62 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു.

കോവിഡ് വ്യാപനത്തെ തുടർന്ന് നാല് മാസത്തോളം നിശ്ചലമായിരുന്ന ക്രിക്കറ്റ് ഗ്രൗണ്ട് ഈ പരമ്പരയോടെയാണ് സജീവമായത്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ അഞ്ചിൽ ജയിച്ച ഇംഗ്ലണ്ട് 146 പോയിന്റുമായി നാലം സ്ഥാനത്താണ്. കളിച്ച രണ്ട് ടെസ്റ്റുകളും തോറ്റ വെസ്റ്റിൻഡീസ് എട്ടാം സ്ഥാനത്തും. 360 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com