മുംബൈ: ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ യുഎഇയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
എന്നാൽ മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കുമെന്നു റിപ്പോർട്ടുകൾ പുറത്തു വന്നതോടെ യുഎഇയിലേക്കു താരങ്ങളെ എത്തിക്കുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾ കണ്ടെത്താൻ വരെ നീക്കങ്ങൾ തുടങ്ങിയതായാണ് പുറത്തു വരുന്ന വാർത്തകൾ. ഇതിനു പുറമേ താരങ്ങൾക്കു താമസിക്കുന്നതിനുള്ള ഹോട്ടലുകൾ തീരുമാനിക്കുന്നതിനും ഫ്രാഞ്ചൈസികൾ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. യുഎഇയിൽ ഇതിനു മുൻപും ഇന്ത്യയ്ക്കായി ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിട്ടുണ്ട്. 2014 ഐപിഎൽ സീസണിൽ 20 മത്സരങ്ങൾ നടന്നത് യുഎഇയിലാണ്. 2018 ഏഷ്യ കപ്പ് മത്സരങ്ങളും യുഎഇയിൽ നടത്തി.
യുഎഇയിൽ മത്സരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ചില ടീമുകളുടെ പ്രതിനിധികൾ വെളിപ്പെടുത്തു. താരങ്ങളെയും പരിശീലകരെയും മറ്റ് ഉദ്യോഗസ്ഥരെയും യുഎഇയിൽ സുരക്ഷിതമായി എത്തിക്കുന്നതിന് ചാർട്ടേഡ് വിമാനങ്ങൾ കണ്ടെത്തുന്നതിനാണു ടീമുകൾ മുഖ്യപ്രാധാന്യം നൽകുന്നത്.
എല്ലാ ടീമുകളുമില്ലെങ്കിലും മിക്ക ടീമുകളും വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയെങ്കിലും വിമാന സർവീസുകൾ തുടങ്ങുമോയെന്ന കാര്യം അറിയില്ല. ഓഗസ്റ്റ് അവസാനത്തോടെയോ, അല്ലെങ്കിൽ സെപ്റ്റംബർ ആദ്യ ആഴ്ചയോ തന്നെ യുഎഇയിൽ എത്താനാണു ടീമുകളുടെ നീക്കം. 35 മുതൽ 40 വരെ പേരാണ് ഓരോ ടീമുകളിൽ നിന്ന് യുഎഇയിലേക്കു തിരിക്കാനുള്ളത്. അങ്ങനെയെങ്കിൽ നിലവിലെ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളാണു നല്ലത്.
യുഎഇയിലേക്കു പോകുന്നതിനു മുൻപ് താരങ്ങളെ രണ്ടാഴ്ച ഐസലേഷനിൽ പാർപ്പിക്കണമെന്നാണ് ടീമുകളുടെ നിലപാട്. താരങ്ങൾ കോവിഡ് പരിശോധനകൾക്കു വിധേയരാകേണ്ടിവരും. വിദേശ താരങ്ങൾ നേരിട്ട് യുഎഇയിലേക്ക് എത്തുന്നതാകും നല്ലതെന്നും ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates