

മിലാന്‍: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണം പുനരന്വേഷിക്കാന്‍ തീരുമാനം. 2009ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന് അമേരിക്കന്‍ യുവതിയുടെ പരാതിയിലാണ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.
2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 34കാരിയായ കാതറിന്‍ മയോര്‍ഗ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 32 പേജുള്ള പരാതിയാണ് ഇവര്‍ സമര്‍പ്പിച്ചത്.
തന്റെ കക്ഷിയായ കാതറിന്‍ മയോര്‍ഗയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്‌റ്റൊവാളാണ് ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ആരോപണം വ്യാജമാണെന്ന നിലപാടിലാണ് ക്രിസ്റ്റ്യാനോ. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാതറിന്റെ ആരോപണം. ഇത് പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ വിട്ട് റയലിലേക്ക് ക്രിസ്റ്റ്യാനോ മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു പോര്‍ച്ചുഗല്‍ നായകന്‍. അന്ന് 25 വയസുണ്ടായിരുന്ന മയോര്‍ഗ, റെയ്ന്‍ എന്ന നിശാക്ലബ്ബില്‍ ജോലി ചെയ്യുകയായിരുന്നു. നിശാ ക്ലബിലെത്തിയ ക്രിസ്റ്റിയാനോ തന്നെ മുറിയിലേക്ക് ക്ഷണിച്ചതായും അവിടെ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
എതിര്‍ത്തപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞപ്പോള്‍ അനുകൂലിച്ചു. എന്നാല്‍ താരം മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ യുവതി എതിര്‍ത്തു. എതിര്‍ത്തതോടെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ ക്രിസ്റ്റിയാനോ താനൊരു മാന്യനാണെന്ന് പറഞ്ഞ് ക്ഷമ ചോദിച്ചതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം താരം യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോടുകൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റിയാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.
മീടൂ ക്യാംപയിന്റെ ഭഗമായാണ് യുവതി തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates